ചങ്ങനാശ്ശേരി രൂപതയുടെ ഔദ്യോഗിക പരിപാടിയിലും ശശി തരൂർ മുഖ്യാതിഥി: ഒറ്റയാഴ്ച്ചത്തെ രാഷ്ട്രീയ നീക്കങ്ങൾ കൊണ്ട് ഉമ്മൻചാണ്ടിക്ക് ശേഷം കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യനിയി മാറി ശശി തരൂർ; തരൂരിനെ ഉൾക്കൊള്ളാതെ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ സംസ്ഥാന കോൺഗ്രസും.


തരൂരിന്റെ പരിപാടിയുമായി ചങ്ങനാശ്ശേരി അതിരൂപത. അതിരൂപതയുടെ യുവജന സംഘടന സമ്മേളനത്തില്‍ ശശി തരൂര്‍ മുഖ്യാതിഥിയാകും. ഡിസംബര്‍ നാലിനാണ് സുവര്‍ണ്ണ ജൂബിലി സമാപന യുവജന സമ്മേളനം നടക്കുക. മലബാർ മേഖലക്ക് പിന്നാലെ മധ്യതിരുവിതാംകൂറിലെയും കത്തോലിക്കാ വിഭാഗം ശശി തരൂരിന് പിന്തുണ കൊടുക്കുന്നതാണ് ഇപ്പോൾ കേരള രാഷ്ട്രീയം കാണുന്നത്. മൂന്നാം തീയതി പാലാ രൂപതയിലും കാഞ്ഞിരപ്പള്ളി രൂപതയിലും ശശി തരൂർ സന്ദർശനം നടത്തുന്നുണ്ട്.
എൻഎസ്എസ് പരിപാടിയിലും ശശി തരൂർ മുഖ്യാതിഥിയായി എത്തുന്നുണ്ട്. ജനറൽ സെക്രട്ടറി സുകുമാരൻ നായർ വി ഡി സതീശനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എൻഎസ്എസ് മുഖ്യാതിഥിയായി ശശി തരൂരിനെ ക്ഷണിച്ചത് എന്നതും ഏറെ ശ്രദ്ധേയമാണ്. മുസ്ലിം ലീഗും തരൂരിന് കൊടുക്കുന്നത് അകമഴിഞ്ഞ പിന്തുണയാണ്.
ഇതോടുകൂടി സാമുദായിക സമവാക്യങ്ങൾക്കപ്പുറം കേരളത്തിലെ വിവിധ വിഭാഗങ്ങൾക്ക് ഒരുപോലെ സ്വീകാര്യനായ നേതാവായി ശശി തരൂർ വളരുകയാണ്. ഉമ്മൻചാണ്ടിക്ക് ശേഷം ഇത്തരം ഒരു പിന്തുണ കോൺഗ്രസിൽ നിന്ന് ആദ്യമായിട്ടാണ് ഒരു നേതാവ് ആർജിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അവഗണിച്ച് സംസ്ഥാനത്ത് കോൺഗ്രസിന് മുന്നോട്ടുപോകാൻ കഴിയില്ല എന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്.
കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് എന്നതിനപ്പുറം യുഡിഎഫ് അനുഭാവികൾക്കും പൊതുസമൂഹത്തിനും ഇടയിൽ നിന്ന് ശശിതരൂരിന് കിട്ടുന്നത് അത്ഭുതകരമായ സ്വീകരണമാണ്. തരൂർ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായാലേ സംസ്ഥാനത്തിന് രക്ഷയുണ്ടാകും എന്ന തരത്തിൽ പൊതുസമൂഹത്തിൽ പോലും ചർച്ചകൾ ഉയർന്നു വരികയാണ്. ഈ യാഥാർത്ഥ്യത്തോട് മുഖം തിരിച്ചു നിൽക്കുന്ന നേതാക്കളെ അണികൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവണമെങ്കിൽ അത് ശശിതരൂരിലൂടെ മാത്രമേ സാധ്യമാകൂ എന്ന രീതിയിൽ കാര്യങ്ങൾ എത്തിക്കഴിഞ്ഞു എന്ന് പറയേണ്ടിവരും. തരൂരിനെ ഉൾക്കൊള്ളുക അംഗീകരിക്കുക എന്നത് മാത്രമാണ് പ്രായോഗികമായി സംസ്ഥാന നേതൃത്വത്തിന് ഇനി മുന്നിലുള്ള ഏക പോംവഴി.
Previous Post Next Post