കടുത്തുരുത്തി : വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി യോഗം റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.
വഞ്ചിനാട് , പരശുറാം, രാജ്യറാണി, മലബാർ, വേളാങ്കണ്ണി , പൂനെ - കന്യാകുമാരി ,ചെന്നൈ - തിരുവനന്തപുരം , വേണാട് , ബാംഗ്ളൂർ ഐലന്റ് തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾക്ക് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഭക്തർക്ക് ഏറെ പ്രയോജനം ലഭിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും അഷ്ടമി ഉത്സവത്തിന് ട്രെയിൻ മാർഗമാണ് ഭക്തർ അധികവും എത്തുന്നത്.
എറണാകുളം , കോട്ടയം റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം 38 കിലോമീറ്ററോളം മറ്റ് വാഹനങ്ങളെ ആശ്രയിച്ചാണ് നിലവിൽ ഇവർ എത്തുന്നത്.
ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂവ് അടക്കമുള്ള സാധനങ്ങൾ എത്തിക്കുന്നത് ചെന്നൈയിൽ നിന്നും ബാംഗ്ളൂരിൽ നിന്നുമാണ് . മാത്രമല്ല ഉത്സവത്തിനു എത്തുന്ന പൂക്കച്ചവടക്കാർ അടക്കമുള്ള നിരവധി കച്ചവടക്കാരുടെയും ബുദ്ധിമുട്ട് പരിഹരിക്കാനും വൈക്കം റോഡിലെ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റേപ്പിന് കഴിയും.
സ്റ്റേഷനിൽ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയാൽ ദീർഘദൂര യാത്രക്കാർക്ക് വളരെ പ്രയോജനം ലഭിക്കും .ഇവിടെ നിലവിൽ പാലരുവി, കേരള, എക്സ്പ്രസ്സിനും പാസഞ്ചർ ട്രെയിനുകൾക്കും മാത്രമാണ് സ്റ്റോപ്പുള്ളത്.
വൈക്കം, മീനച്ചിൽ താലൂക്കിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ് വൈക്കം റോഡ് റെയിൽവെ സ്റ്റേഷനിൽ കൂടുതൽ എക്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് എന്നത്. ഇക്കാര്യത്തിന് നിരന്തരമായ സമര പരിപാടികളുമായി മുന്നോട്ടു നീങ്ങുകയാണ് പൗരസമിതി .
പൗരസമിതി യോഗത്തിൽ പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ അധ്യക്ഷനായി. പി.ബി. ചന്ദ്രബോസ്, പി.ജെ.തോമസ് , സാബു മത്തായി, ജയിംസ് പാറയ്ക്കൽ , മണി മഞ്ചാടി , ജോസഫ് തോപ്പിൽ , അബ്ബാസ് നടയ്ക്ക മ്യാലിൽ , സാജൻ പൂഴിക്കോൽ , റിനോഷ് ചെഞ്ചേരി എന്നിവർ പ്രസംഗിച്ചു.