കോട്ടയത്തെ കോൺഗ്രസിനുള്ളിൽ ഫ്ലക്സ് പോര് രൂക്ഷമാകുന്നു: ഈരാറ്റുപേട്ടയിൽ പ്രതിപക്ഷ നേതാവിനെ അനുകൂലിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു; ഡിസംബർ മൂന്നിന് തരൂർ കോട്ടയം ജില്ലയിൽ എത്തുന്നത് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ.

കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും അണികളേറ്റെടുക്കുന്നത് ഫ്ലക്സുകളിലൂടെയാണ്. ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായതിന് പിന്നാലെയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നേതാക്കള്‍ക്കായി ചേരിതിരിഞ്ഞ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു. പലയിടത്തും യൂത്ത് കോണ്‍ഗ്രസ് അടക്കം നടത്തുന്ന പരിപാടികളുടെ ഫ്ലക്സ് ബോര്‍ഡുകളില്‍ നിന്നും പ്രതിപക്ഷ നേതാവടക്കം പല പ്രമുഖരെയും ഒഴിവാക്കി.
കോട്ടയത്ത് ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടിയുടെ പ്രചാരണ ബോര്‍ഡില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ സതീശനായി പ്രത്യേക ബോര്‍ഡുകള്‍ ജില്ലയില്‍ പ്രത്യക്ഷപ്പെട്ടു. ഈരാറ്റുപേട്ടയിലാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച്‌ പ്രത്യേക ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കെ.പി.പി.സി.സി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍.
ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍ നിന്നും സതീശന്റെ ചിത്രം ഒഴിവാക്കിയത് നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി ബോര്‍ഡുയര്‍ന്നതെന്നതാണ് ശ്രദ്ധേയം. അതിനിടെ സമാന്തരപരിപാടികള്‍ പാടില്ലെന്ന് ശശി തരൂരിനോട് കെപിസിസി അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചു. നേതാക്കള്‍ പാര്‍ട്ടി ചട്ടക്കൂടിനകത്ത് തന്നെ നില്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഭ്യര്‍ത്ഥിച്ചു
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ടാണ് തന്‍റെ പ്രവര്‍ത്തനങ്ങളെന്നാണ് ശശി തരൂര്‍ വിമര്‍ശകര്‍ക്ക് നല്‍കുന്ന മറുപടി. പ്രശ്നം തിരക്കിട്ട് കൈകാര്യം ചെയ്ത നേതൃത്വത്തിന്‍റെ നടപടി തരൂരിന് അമിതപ്രാധാന്യം നല്‍കിയെന്നാണ് വിലയിരുത്തല്‍. കൈ പൊള്ളിയ നേതൃത്വം ഇനി കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന നിലപാടിലാണ്. ഇന്ന് കോഴിക്കോടെത്തിയ താരിഖ് അന്‍വര്‍ നേതാക്കളുമായി ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തും.
Previous Post Next Post