ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനമൊഴിയാന്‍ ഇ പി ജയരാജന്‍ തയ്യാറെടുക്കുന്നതായി സൂചന : പിണറായിയുമായുള്ള ഉടക്ക് മുറുകിയതായി റിപ്പോർട്ട്


പിണറായി വിജയനുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ഇതേ തുടര്‍ന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഉപേക്ഷിക്കാന്‍ തെയ്യാറെടുക്കുന്നു എന്ന രീതിയില്‍ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും സജീവമാകുന്നത്.

എം വി ഗോവിന്ദനെ സി പി എം സംസ്ഥാന സെക്രട്ടറിയാക്കിയത് മുതല്‍ ഇ പി ജയരാജന്‍ ഒരു തരം നിസഹകരണ സമരത്തിലാണ്. ഇടതു മുന്നണിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാജ്ഭവന്‍ ഉപരോധ സമരത്തില്‍ അദ്ദേഹം പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. താന്‍ ചികില്‍സയിലാണെന്നും അത് കൊണ്ട് പങ്കെടുക്കാന്‍ കഴിയില്ലന്നു പാര്‍ട്ടിയെ അറിയിച്ചിരുന്നുവെന്നാണ് ഇ പി ജയരാജന്‍ അതിന് വിശദീകരണമായി മാധ്യമങ്ങളോട് പറഞ്ഞത്.

കൊടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം സി പിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നയാളാണ് ഇ പി ജയരാജന്‍. പിണറായിക്കും കൊടിയേരിക്കും ശേഷം കണ്ണൂര്‍ ലോബിയിലെ ഏറ്റവും ശക്തനായ നേതാവും ഇ പി ജയരാജനായിരുന്നു. എം വി ഗോവിന്ദന്‍ ഒരിക്കലും കണ്ണൂരിലെ ശക്തരായ സി പി എം നേതാക്കളുടെ പട്ടികയില്‍ ഇല്ലാതിരുന്നയാളാണ്. മാത്രമല്ല എം വി ഗോവിന്ദനെക്കാള്‍ സീനിയറും അദ്ദേഹത്തെക്കാള്‍ കൂടുല്‍ പദവികള്‍ പാര്‍ട്ടിയില്‍ വഹിച്ചയാളുമാണ് ഇ പി ജയരാജന്‍. 1994 ല്‍ ട്രെയിനില്‍ വച്ച് അദ്ദേഹത്തിനു നേരെയുണ്ടായ ആര്‍ എസ് എസ് ആക്രമണത്തില്‍ ജീവന്‍ വരെ നഷ്ടപ്പെടുമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപെട്ടതെന്ന് ഇ പി ജയരാജന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടിക്ക് വേണ്ടി ഓരോ ഇഞ്ചു പൊരുതി ജീവിതം പോലും നഷ്ടപ്പെടുത്തിയ തന്നെ മനപ്പൂര്‍വ്വം ഒതുക്കുകയാണെന്ന പരാതിയാണ് ഇ പിക്കുള്ളത്. പിണറായി വിജയനാണ് തന്നെ ഒതുക്കുന്നതെന്ന് മാത്രം അദ്ദേഹം ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലന്ന് മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് തന്റെ അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അന്നേ സജീവ രാഷ്ട്രീയം വിടാനൊരുങ്ങിയ അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് ഇടതു മുന്നണി കണ്‍വീനര്‍ പദവി നല്‍കിയത്. എന്നാല്‍ എം വി ഗോവിന്ദനെ സി പിഎം സംസ്ഥാന സെക്രട്ടറിയാക്കിയതോടെ ഇനി പാര്‍ട്ടിയില്‍ താന്‍ തുടരുന്നതില്‍ വലിയ അര്‍ത്ഥമില്ലന്നാണ് ഇ പി ജയരാജന്‍ തന്റെ അടുപ്പക്കാരോട് പറഞ്ഞിരിക്കുന്നത്.
Previous Post Next Post