നമ്മുടെ ഷെയറിട്ട് അടി പൂട്ടുമോ ?? കുടിയൻന്മാർ ആശങ്കയിൽ ! ! സംസ്ഥാനം മദ്യക്ഷാമത്തിലേക്ക്: കേരളത്തിൽ സ്റ്റോക്ക് ഉള്ളത് ഒന്നരയാഴ്ചത്തേക്കുള്ള മദ്യം മാത്രം


സംസ്ഥാനത്ത് നിലവിലുള്ള മദ്യം ഒന്നര ആഴ്ചത്തേക്കുള്ള സ്‌റ്റോക്ക് മാത്രം. ഇപ്പോള്‍ തന്നെ കനത്ത ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. വിവരം മണത്തറിഞ്ഞ് വ്യാജമദ്യ ലോബി സജീവമായി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വ്യാജ ബ്രൂവറികള്‍ തയാറെടുപ്പു തുടങ്ങിയതായി സൂചന. കേരളത്തിനകത്ത് മദ്യം ഉത്പാദിപ്പിക്കുന്ന ഡിസ്റ്റിലറി ഉടമകളുടെ സമരമാണ് മദ്യലഭ്യത കുറയാന്‍ കാരണം
പ്രതിവര്‍ഷം ഡിസ്റ്റിലറി ഉടമകള്‍ നല്‍കിവരുന്ന ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കേരളത്തിനു പുറത്തുനിന്നും വരുന്ന മദ്യങ്ങള്‍ക്ക് ടേണ്‍ ഓവര്‍ ടാക്‌സ് നല്‍കേണ്ടതില്ല. കേരളത്തിനുള്ളില്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് ടാക്‌സ് നല്‍കേണ്ടിവരുന്നത് കോടിക്കണക്കിന് രൂപയുടെ ബാധ്യത തങ്ങള്‍ക്കുണ്ടാകുന്നുവെന്നാണ് ഡിസ്റ്റിലറി ഉടമകളുടെ വാദം. ഇതുസംബന്ധിച്ച്‌ ഡിസ്റ്റിലറി ഉടമകളുടെ സമരം തുടങ്ങിയിട്ട് കുറച്ചു നാളായി.
സര്‍ക്കാര്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ടാക്‌സ് ഒഴിവാക്കുന്നതില്‍ തീരുമാനമായില്ല. അടുത്തിടെ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഡിസ്റ്റിലറി ഉടമകളെ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് മന്ത്രി ഡിസ്റ്റിലറി ഉടമകളോടു പറഞ്ഞു. അതുവരെ സ്റ്റോക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഉടമകള്‍
നിലവില്‍ ആറുലക്ഷം കെയ്‌സ് മദ്യം മാത്രമാണ് ബെവ്‌കോയുടെ കൈവശമുള്ളത്. പ്രതിമാസം 22 ലക്ഷം കെയ്‌സ് മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോകുന്നത്. ഡിസ്റ്റിലറികള്‍ സമരത്തിലാണെന്നറിഞ്ഞതോടെ സംസ്ഥാനത്ത് വ്യാജമദ്യ ലോബി സജീവമായിത്തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ 70 ബ്രൂവറികളും ഡിസ്റ്റിലറികളുമാണ് പ്രവര്‍ത്തിക്കുന്നത്. വില കുറഞ്ഞ മദ്യമാണ് കേരളത്തിനുള്ളില്‍ ഉത്പാദിപ്പിക്കുന്നത്.

ഇത് ഇവിടെ വില്‍ക്കണമെങ്കില്‍ സര്‍ക്കാരിന് ടേണ്‍ ഓവര്‍ ടാക്‌സ് അടച്ചേ മതിയാകൂ. എന്നാല്‍ കേരളത്തിനു പുറത്ത് ഉത്പാദിപ്പിച്ചു കൊണ്ടുവരുന്ന മദ്യത്തിന് ഈ ടാക്‌സ് അടയ്‌ക്കേണ്ടതില്ല. ഇത് ഇരട്ടത്താപ്പാണെന്നാണ് കേരളത്തിലെ ഡിസ്റ്റിലറി ഉടമകള്‍ പറയുന്നത്. വികലൂടിയ ബ്രാന്‍ഡ് മദ്യങ്ങളാണ് കേരളത്തിനു പുറത്തുനിന്നും കൊണ്ടുവരുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള സ്പിരിറ്റിന്റെ വില 52ല്‍ നിന്നും 74 രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. സ്പിരിറ്റില്‍ നിന്നും പെട്രോള്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് സ്പിരിറ്റിന്റെ വില കൂടിയത്. ഇത് തങ്ങള്‍ക്ക് താങ്ങാനാകില്ലെന്നും ഡിസ്റ്റിലറി ഉടമകള്‍ പറയുന്നു.ടാക്‌സ് ഒഴിവാക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് നഷ്ടമില്ലാതെ മദ്യം ഉത്പാദിപ്പിച്ച്‌ ബെവ്‌കോയ്ക്ക് നല്‍കാനാകും. അല്ലെങ്കില്‍ തങ്ങള്‍ പ്രതിസന്ധിയിലാകുമെന്നും അവര്‍ പറയുന്നു.ഇതു മനസിലാക്കിയാണ് വ്യാജമദ്യ ലോബികള്‍ അണിയറയില്‍ നീക്കം തുടങ്ങിയിട്ടുള്ളത്.
Previous Post Next Post