സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തി പതാഞ്ജലി തലവനും യോഗ ഗുരുവുമായ ബാബ രാംദേവ്. ‘സ്ത്രീകള്‍ സാരിയില്‍ നന്നായി കാണപ്പെടുന്നു, അവര്‍ സല്‍വാര്‍ സ്യൂടില്‍ നന്നായി കാണപ്പെടുന്നു, എന്റെ കണ്ണില്‍ അവര്‍ ഒന്നും ഉടുത്തില്ലെങ്കിലും സുന്ദരിയായി കാണപ്പെടുന്നു’, താനെയില്‍ ഒരുപരിപാടിയില്‍ ബാബാ രാംദേവ് പറഞ്ഞു.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരാമര്‍ശങ്ങള്‍. പതഞ്ജലി യോഗ പീഠും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും ചേര്‍ന്ന് വെള്ളിയാഴ്ച താനെയിലെ ഹൈലാന്‍ഡ് ഏരിയയില്‍ യോഗ സയന്‍സ് കാംപും വനിതാ സംഗമവും സംഘടിപ്പിച്ചിരുന്നു.
പരിപാടിയില്‍ സ്ത്രീകള്‍ യോഗയ്ക്കുള്ള വസ്ത്രങ്ങള്‍ കൊണ്ടുവന്നു. ഇതിനുശേഷം വനിതകളുടെ പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. അന്നേരം ധരിക്കാനായി സ്ത്രീകള്‍ സാരിയും കരുതിയിരുന്നു. രാവിലെ സമയക്രമം അനുസരിച്ച് യോഗ കാംപ് സംഘടിപ്പിച്ചു, എന്നാല്‍ അതിന് തൊട്ടുപിന്നാലെ വനിതകളുടെ പൊതുയോഗം തുടങ്ങി. അതുകൊണ്ട് സ്ത്രീകള്‍ക്ക് സാരി ഉടുക്കാന്‍ സമയം കിട്ടിയില്ല. ഇത് സംബന്ധിച്ച് പ്രസ്താവന നടത്തുന്നതിനിടെയായിരുന്നു രാംദേവിന്റെ വിവാദ വാക്കുകള്‍. നിങ്ങള്‍ക്ക് സാരി ഉടുക്കാന്‍ സമയമില്ലെങ്കിലും പ്രശ്‌നമില്ല, ഇനി വീട്ടില്‍ പോയി സാരി ഉടുക്കൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.