എംബിഎ വിദ്യാർഥിനി സഹപാഠിയിൽ നിന്ന് ഗർഭിണി; ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി


എറണാകുളം: 27 ആഴ്ച പിന്നിട്ട എംബിഎ വിദ്യാർഥിനിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. സഹപാഠിയിൽ നിന്നാണ് 23കാരിയായ വിദ്യാർത്ഥിനി ഗർഭിണിയായത്. ഉഭയസമ്മതപ്രകമരമുള്ള ലൈംഗികബന്ധത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകി കൊണ്ട് സുപ്രധാനമായ വിധിയാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. കുഞ്ഞിനെ വേണോ വേണ്ടയോ എന്ന തീരുമാനം സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയാണെന്നും അതിൽ നിയന്ത്രണങ്ങൾ ഇല്ലെന്നും ജസ്റ്റിസ് വി.ജി അരുൺ വിധി പ്രസ്താവനയിൽ വ്യക്തമാക്കി. കുഞ്ഞിന് ജന്മം നൽകണോ വേണ്ടയോ എന്ന് സ്ത്രീക്ക് തീരുമാനിക്കാം എന്ന് ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു. നേരത്തെ യുവതിയുടെ ഗർഭാവസ്ഥ പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഗർഭം തുടരുന്നത് യുവതിയുടെ ജീവന് ഭീഷണിയാണെന്നും മാനസിക നിലയെ ഇത് മോശമായി ബാധിക്കുമെന്നും മെഡിക്കൽ ബോർഡ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.


യുവതി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴേക്കും സഹപാഠിയായിരുന്ന യുവാവ് വിദേശത്തേക്ക് പോയിരുന്നു. പോളിസിസ്റ്റിക് ഒവേറിയൻ അവസ്ഥയെ തുടർന്നുള്ള അസ്വസ്ഥകൾ രൂക്ഷമായതോടെയാണ്
യുവതി പരിശോധനകൾക്ക് വിധേയായത്. തുടർന്ന് നടത്തിയ അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെയാണ് യുവതി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഗർഭം ധരിച്ച് 24 ആഴ്‌ചക്ക് ശേഷമാണ് യുവതി ഗർഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി ആശുപത്രിയെ സമീപിച്ചത്. എന്നാൽ ആശുപത്രി അധികൃതർ ഇതിന് തയ്യാറായില്ല. തുടർന്നാണ് യുവതി അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഗർഭാവസ്ഥ തുടർന്നാൽ മനസികാവസ്ഥയെയും തൻ്റെ പഠനത്തെയും അത് മോശമായി ബാധിക്കുമെന്നായിരുന്നു യുവതി ഹൈക്കോടതിയെ അറിയിച്ചത്.
Previous Post Next Post