തിരുവനന്തപുരം: തിരുവനന്തപുരം കുറവന്‍കോണത്ത് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി അറസ്റ്റില്‍. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ മലയന്‍കീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. പേരൂര്‍ക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. സന്തോഷിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ തന്നെയാണോ മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ആദ്യം ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച രേഖകളും, ഇയാള്‍ ഉപയോഗിച്ചിരുന്ന ഇന്നോവ വാഹനം തുടങ്ങി ശാസ്ത്രീയ തെളിവുകളെല്ലാം നിരത്തിയതോടെ ഇയാള്‍ കുറ്റം സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം രാത്രി 11 മണിയോടെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ് ഇയാള്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്ത് യുവതിയ്‌ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്.
ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. അതിനുശേഷം പുലര്‍ച്ചെ മ്യൂസിയത്തിലെത്തി യുവതിയ്‌ക്കെതിരെ അതിക്രമം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.