ചരിത്രത്തിലേയ്ക്ക് കുതിക്കാൻ ഒരുങ്ങി വിക്രം എസ്; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ്

 


വെബ് ഡെസ്ക് : സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ് വിക്ഷേപണത്തിനൊരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്  എന്ന സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. 'മിഷൻ പ്രാംരംഭ്' എന്നാണ് ദൗത്യത്തിന് പേരു നൽകിയിരിക്കുന്നത്. നവംബർ രണ്ടാമത്തെ ആഴ്ചയായിരിക്കും വിക്ഷേപണം. 

ഇതുവരെ ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണങ്ങളെല്ലാം ഐഎസ്ആർയുടെ കുത്തകയായിരുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തിലേക്കാണ് വിക്രം എസും സ്‌കൈറൂട്ട് എയ്‌റോസ്‌പേസും കുതിക്കുന്നത്. റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്. നവംബർ 12 നും 16 നും ഇടയിലുള്ള ഏതെങ്കിലുമൊരു ദിവസം റോക്കറ്റ് വിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ വിക്ഷേപണ തീയതിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബഹിരാകാശ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള രാജ്യത്തിന്റെ നോഡൽ ഏജൻസിയായ ഇൻസ്പേസ് കമ്പനിക്ക് ലോഞ്ച് ക്ലിയറൻസ് നൽകിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഈ ദൗത്യത്തിന് 'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്നത്?

ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്റ്റാർട്ട്-അപ്പ് കമ്പനിയും അതിന്റെ പ്രവർത്തനങ്ങളും സ്വകാര്യ ബഹിരാകാശ മേഖലയിലെ പുതിയ യുഗത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാലാണ് ആരംഭം എന്നർത്ഥം വരുന്ന 'പ്രാരംഭ്' എന്ന പേര് ഈ ദൗത്യത്തിന് നൽകിയിരിക്കുന്നത്. ഈ കന്നി ദൗത്യത്തിലൂടെ, ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് മാറും.

"ഐഎസ്ആർഒയിൽ നിന്നും ഇൻസ്‌പേസിൽ നിന്നും ലഭിച്ച വിലമതിക്കാനാകാത്ത പിന്തുണയും ഞങ്ങളുടെ കമ്പനിയിലെ സാങ്കേതിക വിദഗ്ധരുടെ അദ്ധ്വാനവും മൂലമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ വിക്രം-എസ് റോക്കറ്റ് നിർമിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത്," സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ സഹസ്ഥാപകനായ പവൻ കുമാർ ചന്ദന പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് നിർമിക്കുന്ന വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നത്.

വിക്രം-എസിനെക്കുറിച്ച് കൂടുതലറിയാം
ഒരു സ്മോൾ ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് വിക്രം. ഇതിന് മൂന്ന് പേലോഡുകൾ വഹിക്കാനാകും. സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ കീഴില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത 2.5 കിലോഗ്രാം പേലോഡ് ഉള്‍പ്പെടെ മൂന്ന് പേലോഡുകളുമായിട്ടാകും വിക്രം എസ് വിക്ഷേപിക്കുക.

മൂന്ന് റോക്കറ്റുകളാണ് സ്കൈറൂട്ട് വികസിപ്പിച്ചിരിക്കുന്നത് വിക്രം-I-ന് 480 കിലോഗ്രാം പേലോഡും, വിക്രം-II-ന് 595 കിലോഗ്രാം പേലോഡും, വിക്രം-III-ന് 815 കിലോഗ്രാം പേലോഡും വഹിക്കാനാകും.

ദൗത്യത്തിന്റെ പ്രാധാന്യം
സ്വന്തമായി വികസിപ്പിച്ച റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യന്‍ കമ്പനിയാണ് സ്‌കൈറൂട്ട്. വാണിജ്യ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായാണ് കമ്പനി ആധുനിക ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുന്നത്. ബഹിരാകാശ യാത്രകൾ കൂടുതൽ പേർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണങ്ങൾ ഇനിയുമുണ്ടാകും എന്നാണ് പ്രതീക്ഷ.

Previous Post Next Post