സംസ്‌കാരം വളർത്തിയെടുത്തെന്ന് പറയുന്ന കേരളത്തിലെ ധാർമികത എങ്ങോട്ടാണ്: അഡ്വ. പി.എസ്. ശ്രീധരൻപിള്ള


കോട്ടയം: സംസ്‌കാരം വളർത്തിയെടുത്തെന്ന് പറയുന്ന കേരളത്തിലെ ധാർമികത എങ്ങോട്ടാണ് പോകുന്നതെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. കാരിത്താസ് ആശുപത്രിയിൽ 500 കീഹോൾ ഹാർട്ട്— ബൈപാസ് സർജറി പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു നൂറ്റാണ്ടിന് മുൻപ് വിദ്യാഭ്യാസ മേഖലയിലും ആതുര സേവന മേഖലയിലും നിസ്വാർത്ഥ സേവനമായിരുന്നു നടന്നിരുന്നത്. എന്നാൽ ഇന്ന് അത്തരം മനോഭാവം കുട്ടികളിൽ ഉണ്ടോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇരുപത്തഞ്ച് കൊല്ലത്തെ കേരള ചരിത്രം പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കും കേരളം ഇപ്പോൾ എവിടെ നില്ക്കുന്നുവെന്ന്.
കേരളത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചു. ഇന്ത്യയിലെ ക്രൈം റേറ്റ് പരിശോധിച്ചാൽ ഒരു ലക്ഷം കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിലാണ്. കേരളത്തിലെ ധാർമികത നഷ്ടമാകുന്നു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തു തന്നെ ഇത്തരമൊരു ക്രൂര പ്രവർത്തനങ്ങൾ കാണാൻ സാധിക്കില്ല. വാക്കുകൾക്ക് പോലും അർത്ഥം നഷ്ടപെടുന്ന സാഹചര്യമാണ് കേരളത്തിൽ. ആത്മീയ, സാഹിത്യ, കലാ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു ഗോവ ഗവർണർ അഭിപ്രായപ്പെട്ടു. 

കോട്ടയം മാമ്മൻ മാപ്പിളഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി. കോട്ടയം അതിരൂപത ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. 

തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കോട്ടയം ജില്ലാ പഞ്ചായത്ത്— പ്രസിഡന്റ് നിർമ്മല ജിമ്മി, എമിൽ പുലിക്കാട്ടിൽ, മുനിസിപ്പൽ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Previous Post Next Post