'ജനങ്ങളാണ് എന്റെ മുന്‍ഗണന, അവരെ മനസ്സില്‍ കണ്ടായിരിക്കും പ്രവൃത്തികള്‍'



Chandrachud1

ഡിവൈ ചന്ദ്രചൂഡ് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അമ്മയിൽ നിന്നും അനുഗ്രഹം വാങ്ങുന്നു 

 

ന്യൂഡല്‍ഹി: വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും പൗരന്മാരുടെ വിശ്വാസം നേടിയെടുക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. എല്ലാ അര്‍ഥത്തിലും പൗരന്മാരെ മനസ്സില്‍ കണ്ടായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

ജനങ്ങളാണ് തന്റെ മുന്‍ഗണന, അവരെ മനസ്സില്‍ കണ്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍. നീതിന്യായ രംഗത്തെ പരിഷ്‌കരണം ആയാലും പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരല്‍ ആയാലും ജനങ്ങളെ കണക്കിലെടുത്താവും തീരുമാനങ്ങളെടുക്കുകയെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നയിക്കുക എന്നാല്‍ വലിയ അവസരവും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സ്ഥാനമേറ്റതിനു പിന്നാലെ സുപ്രീം കോടതി വളപ്പില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ അദ്ദേഹം പുഷ്പങ്ങള്‍ അര്‍പ്പിച്ചു.

ഇന്നു രാവിലെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു മുമ്പാകെ ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തത്. യുയു ലളിതിന്റെ പിന്‍ഗാമിയായാണ്, രാജ്യത്തിന്റെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് നിയമിതനായത്.

Previous Post Next Post