ആസാം : റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾ പിടിയിലായി. സർവകലാശാലയിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥിയായ ആനന്ദ് ശർമയാണ് ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ആനന്ദ് ശർമയെ ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് ശർമ നിരന്തരമായി സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിന് ഇരയായിരുന്നു എന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. മാതാപിതാക്കളുടെ പരാതിയിൽ ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുകയാണ്. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു.
ദിബ്രുഗഡ് സർവകലാശാലയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിയിൽ ആനന്ദ് ശർമ്മ മാതാപിതാക്കളെ വിളിച്ചപ്പോൾ സീനിയർ വിദ്യാർത്ഥികൾ നിരന്തരമായി റാഗിംഗ് നടത്തുകയാണെന്നും മർദ്ദിക്കുകയാണെന്നും പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ ക്യാമ്പസിലെ സീനിയർ വിദ്യാർത്ഥികളായ നാലുപേരെയും മുമ്പ് ക്യാമ്പസിൽ നിന്ന് പഠിച്ചു പോയ ഒരു വിദ്യാർത്ഥിയെയും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. തന്നെ ആനന്ദ് ശർമയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.