സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി ഭാര്യ ഇല്ല… ജീവിതപങ്കാളി മാത്രം

 NOV 13, 2022

 തിരുവനന്തപുരം : സർക്കാർ അപേക്ഷാ ഫോമുകളിൽ ലിംഗ പരിഷ്‌കാരം നിലവിൽ വന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

 ഇനിമുതൽ വിവിധ അപേക്ഷാ ഫോമുകളിൽ ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്നാണ് രേഖപ്പെടുത്തേണ്ടത്. അവൻ/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൾ/അവൻ എന്ന രീതിയാണ് ഇനി ഉപയോഗിക്കേണ്ടത്.

സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷതയുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് പുതിയ നിർദ്ദേശങ്ങൾ എല്ലാ വകുപ്പു മേധാവികൾക്കും നൽകിയിട്ടുള്ളത്. എല്ലാ അപേക്ഷ ഫോറങ്ങളിലും ‘wife of (ന്റെ യുടെ ഭാര്യ)’ എന്ന് രേഖപ്പെടുത്തുന്നതിനു പകരം ‘spouse of (ന്റെ യുടെ ജീവിത പങ്കാളി )’ എന്ന് രേഖപ്പെടുത്തേണ്ടതാണ്, അപേക്ഷ ഫോറങ്ങളിൽ രക്ഷാകർത്താക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരു രക്ഷാകർത്താവിന്റെ മാത്രമായോ രക്ഷാകർത്താക്കളുടെ വിവരങ്ങളായോ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കേണ്ടതാണ്, ‘അവൻ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിനു പകരം ‘അവൻ, അവൾ, ‘അവന്റെ/അവളുടെ’ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗ്ഗനിർദ്ദേശങ്ങൾ, ഫോമുകൾ എന്നിവ പരിഷ്ക്കരിക്കേണ്ടതാണ് തുടങ്ങിയ നിർദേശങ്ങളാണ് വകുപ്പ് മേധാവികൾക്ക് നൽകിയിരിക്കുന്നത്.


Previous Post Next Post