13 കോടി മുടക്കി പാലം നിര്‍മ്മിച്ചു; ഉദ്ഘാടനത്തിന് മുന്നേ നദിയില്‍ പതിച്ചു, ബിഹാറില്‍ വീണ്ടും അഴിമതി വിവാദം


 
 ബെഗുസരായി: ബിഹാറില്‍ 13.48 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പാലം ഉദ്ഘാടനത്തിന് മുന്‍പ് തകര്‍ന്നു. ബുര്‍ഹി ഗണ്ഡക് നദിക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് ഞായറാഴ്ച തകര്‍ന്നത്. സംഭവത്തില്‍ ബെഗുസരായി ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. 

പാലത്തിന്റെ ഒരുഭാഗം നദിയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും, കാല്‍നട യാത്രക്കാരെയും ചെറിയ വാഹനങ്ങളെയും 
പാലം വഴി കടത്തിവിടുന്നുണ്ടായിരുന്നു.

വെള്ളിയാഴ്ച പാലത്തിന്റെ രണ്ടു തൂണുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇതുവഴിയുള്ള യാത്ര നിരോധിച്ചു. ഞായറാഴ്ച രാവിലെയോടെ ഈ ഭാഗം പൂര്‍ണമായി തകര്‍ന്ന് നദിയില്‍ വീണു. 

പാലം തകരുമെന്ന് ഭയമുണ്ടായിരുന്നെന്നും അപകടം നടന്നപ്പോള്‍ ആളപായമില്ലാത്തത് ഭാഗ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ബിഹാര്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

 മുഖ്യമന്ത്രിയുടെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനാല് കോടി മുടക്കി നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. പണം കൃത്യമായി വിനിയോഗിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു എന്ന് ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ ട്വിറ്ററില്‍ കുറിച്ചു.


Previous Post Next Post