മലങ്കര സഭയിലെ ഉത്തമ നസ്രാണികളെ ആദരിക്കുന്നതിനും അവരെ വിശ്വാസി സമൂഹത്തിന് പരിചയപെടുത്തുന്നതിനുമായി ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ (OVS) എന്ന അത്മായ പ്രസ്ഥാനം 2017 മുതൽ നല്‌കി വരുന്ന ആദരവിന് 2021 വർഷത്തിലേക്ക് പരിഗണിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ നിന്ന് ശ്രീ.മാത്യു സ്റ്റീഫൻ തിരുവാർപ്പും (കോട്ടയം ഭദ്രാസനം), ശ്രീ.ജോണി ചാമത്തിലും (തിരുവല്ല നിരണം ഭദ്രാസനം) തിരഞ്ഞെടുക്കപ്പെട്ടു.
ആരാലും ശ്രദ്ധിക്കപ്പെടാതെ കാലത്തിന്റെ ഒഴുക്കിലും, വ്യവസ്ഥിതിയുടെ പരിതസ്ഥിതിയിലും വിസ്‌മൃതിയടഞ്ഞ അനേകായിരം അത്മായരുടെ അവകാശ പോരാട്ടങ്ങളുടെയും, തീക്ഷ്ണ വിശ്വാസ പ്രചാരണങ്ങളുടെയും ഭാഗമാണ് ഇന്നത്തെ മലങ്കര സഭ എന്ന് ജ്വലിക്കുന്ന ആത്മാഭിമാനത്തിന്റെയും, നസ്രാണി പൗരുഷത്തിന്റെയും സാക്ഷാത്കരണമാണ് ഈ പുരസ്‌കാരം.
2020, 2021 വർഷത്തെ പ്രസ്‌തുത പുരസ്‌കാര ദാനവും, ക്യാഷ് അവാർഡും, അനുമോദന സമ്മേളനവും മലങ്കര സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വെച്ച് ഡിസംബർ 11 (ഞായർ) പൗരസ്ത്യ കാതോലിക്ക പരി. മോറാൻ മാർ ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവാ തിരുമേനി നിർവ്വഹിക്കും.
ശ്രീ.മാത്യു സ്റ്റീഫൻ – മലങ്കര സഭയുടെ ഐക്യവും ഭരണഘടനയും ബഹു.സുപ്രീം കോടതിയുടെ 2017 ലെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിൽ തിരുവാർപ്പ് മർത്തശ്‌മൂനി ഓർത്തഡോക്സ് ഇടവകയിൽ നടപ്പിൽ വരുത്താൻ ഇടവക ജനങ്ങൾക്ക് ഒപ്പം മുന്നിൽ നിന്ന് ഇച്ഛാശക്തിയോടെ പോരാടിയ ശ്രീ.മാത്യു സ്റ്റീഫൻ പിന്നിട്ട വർഷങ്ങൾ വളരെയധികം പ്രതിസന്ധിയുടെയും, ഭീതിയുടെയും അടങ്കലായിരുന്നു. വലിയ നിയമ യുദ്ധങ്ങൾക്കും, വിഘിടിത വിഭാഗത്തിലെ കായിക തടസങ്ങൾക്കും ശേഷം 2021 ആഗസ്റ്റ് 12 ന് ബഹു.ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 31 ന് വി.ദേവാലയം വിശ്വാസികൾക്കായി തുറക്കപ്പെട്ടു. 1970 മേയ് 1 നു കോട്ടയം നേര്യയന്തറ കുടുംബത്തിൽ ശ്രീ. എൻ എം സ്റ്റീഫന്റെയും, അന്നമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. സിസിലി മാത്യുവും, മിസ്സ് സേബ അന്ന മാത്യുവും മാസ്റ്റർ ബാനി സ്റ്റീഫൻ മാത്യുവും മക്കളുമാണ് . തിരുവാർപ്പ് ഇടവകയുടെയും, ഇടവകയുടെ ചുമതലയിലുള്ള സ്‌കൂളിന്റെയും വിവിധ ചുമതലകളിൽ ഇദ്ദേഹം സജീവമാണ്.
ശ്രീ.ജോണി ചാമത്തിൽ – മലങ്കര സഭയിലെ അന്യം നിന്നുപോയതും, നിരന്തരമായി സ്വജനത്താൽ അവഗണിക്കപ്പെടുകയും അവഹേളിക്കപെടുകയും ചെയ്യപ്പെടുന്ന സഭാ സുവിശേഷകരിലെ, ഒരു പക്ഷെ അവസാന തിരികളിൽ ഒരു വ്യകതിത്വമാണ് ശ്രീ.ജോണി ചാമത്തിൽ. നിരണം ഭദ്രാസനത്തിലെ ചെങ്ങരൂർ സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകാംഗമായ ഇദ്ദേഹം 1980 മുതൽ മലങ്കര സഭയിൽ വിശ്വാസ പ്രചാരണവും , സൺഡേ സ്‌കൂൾ ശാക്തീകരണവും ലക്ഷ്യമാക്കി അവിവിഹതനായി മലങ്കര സഭയെ സ്‌നേഹിച്ചു പരിചരിച്ചു. ലളിത ജീവിതത്തിന് ഉടമയായി, കാൽ നടയായി കിലോമീറ്ററുകൾ സഞ്ചരിച്ചു, ഒന്നും സഭയിൽ നിന്നും നേടാതെ മലങ്കര സഭയിലെ നിരവധി ഇടവകകളിൽ പൗരസ്ത്യ വിശ്വാസത്തിന്റെയും മലങ്കര സഭയുടെയും കൊമ്പ് ഉയർത്തി. 1983 ൽ ഭാഗ്യസ്മരണാർഹനായ അഭി.ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപോലീത്ത അദ്ദേഹത്തെ സഭയുടെ സുവിശേഷകനാക്കുകയും നിരണം ഭദ്രാസനം സുവിശേഷ പ്രസ്ഥാനത്തിൻറെ സ്ഥാപക പ്രവർത്തകരിൽ ഒരാളായി മാർ ഒസ്താത്തിയോസ് മെത്രാപോലീത്തയ്ക്കൊപ്പം പ്രവർത്തിച്ചു. ഇടവകയുടെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, ഇൻസ്‌പെക്ടർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച ഇദ്ദേഹം സൺഡേ സ്കൂൾ കുട്ടികളിൽ ദൈവ വിശ്വാസവും, സഭാ സ്നേഹവും ആഴത്തിൽ പതിപ്പിച്ചു.