എലിവിഷം ഉള്ളിൽ ചെന്ന് അവശനിലയില്‍ കണ്ടെത്തിയ അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. യുവതി ജീവനൊടുക്കാനുള്ള കാരണം പട്ടാളക്കാരനായ ഭര്‍ത്താവാണെന്ന് ആരോപിച്ച് ഭാര്യാ വീട്ടിലെത്തിയ ഭര്‍ത്താവിനെ ബന്ധുക്കള്‍ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. മരണ വീട്ടിലെ സംഭവമറിഞ്ഞ് മയ്യില്‍ പൊലീസെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.
പിലാത്തറ സ്വദേശിയായ മിലിടറി ഉദ്യോഗസ്ഥന്‍ ഹരീഷിനെ(37)യാണ് മയ്യില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 23നാണ് റിട. കെ എസ് ഇ ബി ഓവര്‍സീയര്‍ കെ പി പങ്കജാക്ഷന്‍- ഒ മാലതി ദമ്ബതികളുടെ മകളും മുണ്ടേരി സെന്‍ട്രല്‍ യു പി സ്‌കൂള്‍ അധ്യാപികയുമായ കുറ്റിയാട്ടൂര്‍ വടുവംകുളം ആരവ് വിലയില്‍ താമസിക്കുന്ന ലിജിഷ(32) മരിച്ചത്. സംഭവത്തില്‍ സൈനികനായ ഭര്‍ത്താവിനെതിരേ ആരോപണമുയര്‍ന്നിരുന്നു.
തിങ്കളാഴ്ച രാവിലെ ഇയാള്‍ ലിജിഷയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കളില്‍ ചിലര്‍ തടഞ്ഞുവെക്കുകയും പ്രകോപനപരമായി വാക്കേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് വിവരം. ഭാര്യയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടാണ് മൂന്ന് ദിവസത്തിനുശേഷം ഇയാള്‍ മയ്യിലിലെ വീട്ടിലെത്തിയത്. ഇയാളെ കണ്ടതോടെ ബന്ധുക്കള്‍ ബഹളം വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അധ്യാപികയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്നാരോപിച്ചാണ് വാക്കേറ്റമുണ്ടായത്. ഇതോടെ മയ്യില്‍ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു
ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് മയ്യില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഹരീഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇക്കഴിഞ്ഞ 21ന് രാത്രിയിലാണ് വിഷം അകത്ത് ചെന്ന് അവശനിലയില്‍ അധ്യാപികയെ കണ്ടെത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു.