ഫിനിക്സ് : ഫിനിക്സിൽ നിന്നും ഹൊന്നലുലുവിലേക്കു പുറപ്പെട്ട ഹവായിയൻ എയർലൈൻസ് ശക്തമായ ആകാശചൂഴിയിൽ അകപ്പെട്ടതിനെ തുടർന്ന് വിമാന ജോലിക്കാർ ഉൾപ്പെടെ 36 പേർക്കു പരുക്കേറ്റു. പരുക്കേറ്റ 14 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 20 പേരെ എമർജൻസി റൂമിൽ പ്രവേശിപ്പിച്ചതായും 11 പേരുടെ നില അതീവഗുരുതരമാണെന്നും എമർജൻസി മെഡിക്കൽ സർവീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ 18 ഞായറാഴ്ചയായിരുന്നു സംഭവം.
തലക്കേറ്റ പരുക്കു മൂലം പലരും അബോധാവസ്ഥയിലായിരുന്നു. 278 യാത്രക്കാരേയും പത്തു ജീവനക്കാരേയും വഹിച്ചുകൊണ്ട് ഹൊന്നലുലു വിമാനത്താവളത്തിൽ രാവിലെ 11 മണിക്ക് ഇറങ്ങേണ്ട വിമാനം 30 മിനിറ്റ് മുൻപാണ് ആകാശചൂഴിയിൽപെട്ടു ശക്തമായി ഉലഞ്ഞത്. 36,000 അടി ഉയരത്തിലാണു വിമാനം പറന്നിരുന്നത്.
വിമാനത്താവളത്തിൽ ലാന്റ് ചെയ്ത വിമാനത്തിൽ നിന്നു പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിമാനം ചുഴിയിൽ പെട്ടത് പെട്ടെന്നായിരുന്നു. പലർക്കും ഇരിക്കുന്നതിനോ സീറ്റ് ബെൽറ്റ് ഇടുന്നതിനോ അവസരം ലഭിക്കാതിരുന്നതാണു കൂടുതൽ പേർക്കു പരുക്കേൽക്കുവാൻ കാരണമെന്നു പറയപ്പെടുന്നു.
സംഭവം നടന്ന പ്രദേശത്തു ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നത് ഒരു പക്ഷേ ആകാശ പാതയെ സ്പർശിക്കുന്നതിനു കാരണമായേക്കാമെന്നും കരുതുന്നു. സംഭവത്തെ കുറിച്ചു യുഎസ് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.