ശീതകൊടുങ്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു: അമേരിക്കയിൽ മരണം 60 കടന്നു,100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോൾ ദുരിതം വിതയ്ക്കുന്നത്

ന്യൂയോർക്ക്: യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതകൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ അതിരൂക്ഷമാണ് സ്ഥിതി. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോൾ ദുരിതം വിതയ്ക്കുന്നത്. മരണം 60 കവിഞ്ഞെന്നാണ് റിപ്പോർട്ട്. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയിൽ റെയിൽ, റോഡ് വ്യോമഗതാഗതങ്ങളെല്ലാം താറുമാറായിട്ടുണ്ട്. പലയിടത്തും മൈനസ് 50 ഡിഗ്രി വരെ താപനിലയെത്തി. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 2,085  ആഭ്യന്തര രാജ്യാന്തര വിമാനസർവീസുകളാണു യുഎസിൽ റദ്ദാക്കിയത്. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞുപൊതിഞ്ഞിരിക്കയാണ്. രണ്ട് ദിവസമായി പലരും കാറുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബഫലോയിൽ ഏതാനും പേർ കാറുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇവിടെ 18 അടി ഉയരത്തിലുള്ള മഞ്ഞുകൂനയിൽ മുങ്ങിയ ഒരു വൈദ്യുതി സബ്‌സ്റ്റേഷൻ പൂട്ടി.
കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതൽ മെക്‌സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചിട്ടുണ്ട്. ജപ്പാനിൽ അതിശൈത്യം 17 പേരുടെ ജീവനാണ് കവർന്നത്. കാനഡയിലും അതിശൈത്യം ജനജീവിതത്തെ സ്തംഭിപ്പിച്ചു. ജപ്പാനിൽ നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റു. വടക്കുകിഴക്കൻ ജപ്പാനിൽ പലയിടത്തും മഞ്ഞുവീഴ്ച മൂന്നിരട്ടി വർധിച്ചെന്നാണു റിപ്പോർട്ട്.
Previous Post Next Post