'ദേവീ ഈ റോഡിനെ രക്ഷിക്കണേ...' റോഡിന്റെ ശോചനീയാവസ്ഥ മാറാൻ മുട്ടറുക്കൽ വഴിപാടും ത്രികാല പൂജയും


 കാടാമ്പുഴ : ഗുരുവായൂരിലെ റോഡിന്റെ ശോചനീയാവസ്ഥ മാറാൻ കാടാമ്പുഴ ക്ഷേത്രത്തിൽ മുട്ടറുക്കൽ വഴിപാടും ത്രികാല പൂജയും നടത്തി പൊതുപ്രവർത്തകൻ.

 ഗുരുവായൂർ താമരയൂർ സ്വദേശിയായ വത്സനാണ് മുട്ടറുക്കൽ വഴിപാട് നടത്തിയത്. പൊതു പ്രവർത്തകനായ വത്സൻ ഗുരുവായൂരിലെ റോഡിലെ ശോചനീയാവസ്ഥയിൽ നിരവധി തവണ ഒറ്റയാൾ പോരാട്ടം നടത്തിയിട്ടുണ്ട്.

 ഏറ്റവുമൊടുവിൽ ഇയാൾ ഗുരുവായൂരിൽ ബിൽഡിങ്ങിനു മുകളിൽ കയറി ആത്മഹത്യ ശ്രമം നടത്തിയിരുന്നു. കൂടാതെ ഗുരുവായൂർ മുതൽ തിരുവനന്തപുരം വരെ ഓടി പ്രതിഷേധിച്ചിരുന്നു.

ഒടുവിൽ റോഡിന്റെ ശോചനീയാവസ്ഥ മാറാൻ കാടാമ്പുഴ ദേവിയെ കണ്ട് പ്രാർത്ഥിക്കുകയും റോഡിലെ കുഴി ഇല്ലാതാക്കാൻ ദേവിക്ക് മുട്ടറുക്കൽ വഴിപാടും ത്രികാല പൂജയും നടത്തിയിരിക്കുകയാണ് വത്സൺ. ഇനി എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു എന്നും വത്സൺ പറയുന്നു. 

ഇവിടുത്തെ വഴിപാട് കഴിഞ്ഞ് ​ഗുരുവായൂരെത്തി ​ഗുരുവായൂരപ്പനെ കാണാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ശബരിമല സീസൺ വന്നാൽ സ്ഥിരം പതിവായി മാറിയ ഗുരുവായൂരിലെ കുഴിയെടുക്കൽ ഏകദേശം 15 വർഷത്തോളമായി തുടരുന്നു. ഇതുമൂലം ഭക്തജനങ്ങൾ ദുരിതത്തിലാണ്. 


Previous Post Next Post