പത്തനംതിട്ടയിൽ നിന്ന് ബിജെപി പിന്തുണയോടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് പിസി ജോർജ്; ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ ആയാൽ വിജയം ഉറപ്പ് എന്ന് കണക്കുകൂട്ടൽ.


വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എന്‍.ഡി.എ പിന്തുണയോടെ മത്സരിക്കാന്‍ ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജിന്റെ കരുനീക്കം. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ വ്യക്തിപരമായി ജോര്‍ജിന് സ്വാധീനമുണ്ട്. ക്രൈസ്തവ സഭയുമായുള്ള അടുപ്പത്തിനൊപ്പം ബി.ജെ.പി പിന്തുണ കൂടി ഉറപ്പാക്കിയാല്‍ ശക്തമായ ത്രികോണമത്സരം ഉണ്ടായാലും ജയിച്ചു കയറാമെന്ന കണക്കുകൂട്ടലിലാണ് ജോര്‍ജ്

പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ക്കു പുറമേ തിരുവല്ല, റാന്നി, ആറന്മുള്ള, കോന്നി, അടൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക് സഭാ മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന് 297396 വോട്ട് (28.97 ശതമാനം) ലഭിച്ചിരുന്നു. ജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ അന്റണിക്ക് 37.11 ശതമാനവും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് 32.80 ശതമാനവുമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിക്കുള്ള ജയസാദ്ധ്യത കണക്കിലെടുത്താണ് ജോര്‍ജിന്റെ ശ്രമം. ബഫര്‍സോണ്‍, കെ.റെയില്‍, ശബരിമല അടക്കം സര്‍ക്കാര്‍ വിരുദ്ധ വിഷയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പത്തനംതിട്ടയില്‍ കത്തോലിക്കാ സഭയുടെ പിന്തുണ ജോര്‍ജിന് ലഭിക്കുന്നത് എന്‍.ഡി.എക്ക് മുതല്‍കൂട്ടാകും


🎤 PC യുടെ വാക്കുകൾ
'ലോക് സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഒരു കൈനോക്കിയാല്‍ കൊള്ളാമെന്നുണ്ട്. ഇതിനായി ബി.ജെ.പിയുമായി ചര്‍ച്ച നടത്തി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും അനുകൂലമാണ്. ഹിന്ദി പ്രാഥമിക് പാസായതിനാല്‍ ലോക് സഭയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല’.
Previous Post Next Post