തിരുവനന്തപുരം: വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം കടല്‍ക്കരയില്‍ ചെരുപ്പും ബാഗും ഉപേക്ഷിച്ച് കടന്ന പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി. പൊഴിയൂര്‍ മേടവിളാകം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണു വീട്ടുകാരെയും പൊലീസിനെയും ദിവസങ്ങളോളം ഒരുപോലെ കുഴപ്പിച്ചത്.
കഴിഞ്ഞ 27ന് ഉച്ചയ്ക്ക് പാറശാലയ്ക്ക് സമീപം പൊഴിയൂര്‍ പൊഴിക്കരയില്‍ നിന്നാണ് കുട്ടിയെ കാണാതാകുന്നത്. അന്വേഷണത്തിലാണ് കടല്‍ക്കരയില്‍ ചെരുപ്പും ബാഗും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കടലില്‍ അകപ്പെട്ടെന്ന നിഗമനത്തില്‍ കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ നടത്തി.
അതിനിടയില്‍ സംശയം തോന്നിയ പൊഴിയൂര്‍ പൊലീസ് പൊഴിക്കരയില്‍ നിന്നും റോഡിലേക്ക് എത്തുന്ന ഭാഗത്തുള്ള സിസിടിവി പരിശോധനയില്‍ കുട്ടിയെ കാണാതായ സമയത്ത് തന്നെ പര്‍ദ ധരിച്ച് ഒരാള്‍ നടന്നു പോകുന്നത് കണ്ടു. തുടര്‍ന്ന് ഓട്ടോ സ്റ്റാന്‍ഡില്‍ നടത്തിയ അന്വേഷണത്തില്‍ പര്‍ദ ധരിച്ച പെണ്‍കുട്ടിയെ കളിയിക്കാവിളയില്‍ എത്തിച്ചതായി വിവരം ലഭിച്ചു. ഒാട്ടോകൂലിക്ക് പണമില്ലാത്തതിനാല്‍ സമീപത്തെ ബേക്കറിയില്‍ ഗൂഗില്‍ പേ ചെയ്ത ശേഷം പണം വാങ്ങിയാണ് നല്‍കിയതെന്ന ഡ്രൈവറുടെ മൊഴിയാണ് അന്വേഷണത്തിനു തുമ്പ് ഉണ്ടാക്കിയത്.
ഇതോടെ ഗൂഗില്‍ പേ ചെയ്ത ഫോണ്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ച പൊലീസ് പിന്നെയും കുഴഞ്ഞു. സ്വന്തം ഫോണ്‍ വീട്ടില്‍ വച്ചിട്ടാണ് പോയത്. ഇങ്ങനെ ഒരു ഫോണ്‍ ഉപയോഗിക്കുന്ന വിവരം വീട്ടുകാര്‍ക്ക് പോലും അറിവില്ല. ഓണ്‍ലൈന്‍ ഇടപാടിനു ഉപയോഗിച്ചത് മറ്റൊരാളുടെ പേരിലെ ബാങ്ക് അക്കൗണ്ടും ആയിരുന്നു. കാണാതായതിനു അടുത്ത ദിവസങ്ങളില്‍ ഒട്ടേറെ തവണ ഒാണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തിയതും കണ്ടെത്തലിനു വേഗം കൂട്ടി. ടവര്‍ ലൊക്കേഷന്‍ വഴി പൊലീസ് വെള്ളിയാഴ്ച തന്നെ മുംബൈയില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റല്‍ വരെ സ്ഥിരീകരിച്ചു.
അടുത്ത ദിവസം തന്നെ മുംബൈയില്‍ എത്തിയ പൊഴിയൂര്‍ എസ്‌ഐ എസ് സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തി. കളിയിക്കാവിള നിന്ന് ചെന്നൈ വഴി ബംഗളൂരു എത്തിയ ശേഷം ഇവിടെ നിന്നാണ് മുംബൈയിലേക്ക് പോയത്.
നാഗര്‍കോവിലിലെ കോളജില്‍ എംസിഎക്കു പഠിക്കുന്ന പെണ്‍കുട്ടിക്ക് അറ്റന്‍ഡന്‍സ് കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ ഹാള്‍ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതിലുള്ള മനോവിഷമം ആണ് വീടു വിടാന്‍ കാരണം എന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.