ന്യൂഡൽഹി: ഫുട്ബോൾ ആരാധനയിൽ കേരള ജനതയെ പേരെടുത്ത് അഭിനന്ദിച്ച അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധമെന്ന് യു പി പൊലീസ് ഉദ്യോഗസ്ഥ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്, ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസത്തോടെയെ ഇത് വായിക്കാനാകൂ എന്നുമാണ് ട്വിറ്റിലൂടെയുളള ഉത്തർപ്രദേശ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കടാരിയയുടെ വിമർശനം. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ ട്വീറ്റ് തിരുത്തണമെന്നും ഉദ്യോഗസ്ഥ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആവശ്യപ്പെട്ടു.
അർജന്റീനയുടെ ഭാഗത്ത് നിന്നും വന്ന ട്വീറ്റ് അശ്രദ്ധമാണ്, രക്ത രൂക്ഷിതമായ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രൂപം കൊണ്ട മൂന്ന് രാജ്യങ്ങൾക്കൊപ്പം കേരളത്തിന് ഒരു പ്രത്യേക അസ്തിത്വം നൽകിയിരിക്കുകയാണ്. ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും നീരസത്തോടെ മാത്രമേ ഇത് വായിക്കാനാകൂ'. എന്നാണ് ട്വീറ്റിലെ പരാമർശം. 'നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാകിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി' എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാൻഡിലിൽനിന്നുള്ള ട്വീറ്റ്. ഈ ട്വീറ്റിൽ കേരളം എന്ന് പ്രത്യേകം നൽകിയിരിക്കുന്നത് മാറ്റണമെന്നാണ് ഡിഎസ്പി ആവശ്യപ്പെടുന്നത്.