കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി , ജോഡോ യാത്രയിൽ മാസ്ക് ധരിച്ചില്ല

 ന്യൂഡൽഹി : കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി. ഇന്ന് ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര തുടങ്ങിയത്.

ഒപ്പം നിരവധി പ്രവർത്തകരും യാത്രയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ എന്നാണ് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്.

 മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചത്. വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണം. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂക് മാണ്ഡവ്യ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

 ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കിൽ ആദ്യം കത്തയക്കേണ്ടത് പ്രധനാമന്ത്രിക്കാണെന്നാണ് അശോക് ഗെലോട്ടിൻ്റെ പ്രതികരണം.
Previous Post Next Post