ഹീറോയായി ലിവാകോവിച്ച്; മൂന്ന് തകര്‍പ്പന്‍ സേവുകള്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുട്ടുമടക്കി ജപ്പാൻ

 

 ദോഹ : ഹാട്രിക് സേവുമായി ലിവാകോവിച്ച് നിറഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 3-1ന് തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. 43ാം മിനിറ്റില്‍ ഡയ്‌സന്‍ മെയ്ഡയിലൂടെ ജപ്പാന്‍ മുന്‍പിലെത്തിയെങ്കിലും ഇവാന്‍ പെരിസിച്ചിന്റെ ഹെഡ്ഡറിലൂടെ സമനില പിടിച്ചാണ് ക്രൊയേഷ്യ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്. 

അധിക സമയത്ത് അവസരങ്ങള്‍ മുന്‍പിലെത്തിയെങ്കിലും ഇരു ടീമുകള്‍ക്കും വല കുലുക്കാനായില്ല. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ തകുമി മിനാമിനോയാണ് ജപ്പാന് വേണ്ടി ആദ്യ കിക്ക് എടുത്തത്. എന്നാല്‍ ഇത് ലിവാകോവിച്ച് തടഞ്ഞിട്ടു. ഈ സമയം ക്രൊയേഷ്യയുടെ വ്‌ലാസിച്ച് ലക്ഷ്യം കണ്ടു.

എന്നാല്‍ രണ്ടാം കിക്ക് എടുത്ത ജപ്പാന്റെ കരോ മിടോമയ്ക്കും ലിവാകോവിച്ചിനെ മറികടക്കാനായില്ല. മറുവശത്ത് ക്രൊയേഷ്യയുടെ ബ്രോസോവിച്ച് ലക്ഷ്യം കണ്ടു. ജപ്പാന് വേണ്ടി മൂന്നാമത്തെ കിക്ക് എടുത്ത തകുമോ അസാനോ ലക്ഷ്യം കണ്ടു. ഈ സമയം ക്രോയേഷ്യയുടെ മാര്‍കോ ലിവാജയ്ക്ക് വല കുലുക്കാനായില്ല. ഇതോടെ ജപ്പാന് പ്രതീക്ഷ വന്നെങ്കിലും നാലാം കിക്ക് എടുത്ത യോഷിദയുടെ ഷോട്ടും ലിവാകോവിച്ച് തടഞ്ഞതോടെ ജപ്പാന്റെ മുന്നേറ്റങ്ങള്‍ക്ക് ഖത്തറില്‍ തിരശീല വീണു.

 മോഡ്രിച്ചിന്റെ തകര്‍പ്പന്‍ വോളി തടഞ്ഞിട്ട് ജപ്പാൻ 

പെരിസിച്ചിലൂടെ വല കുലുക്കി 10 മിനിറ്റ് പിന്നിടും മുന്‍പ് മോഡ്രിച്ചിന്റെ തകര്‍പ്പന്‍ ഷോട്ട് ക്രൊയേഷ്യക്ക് ലീഡ് നേടിക്കൊടുക്കുമെന്ന് തോന്നിച്ചിരുന്നു. ബോക്‌സിന് പുറത്ത് നിന്ന് മോഡ്രിച്ച് തൊടുത്ത ഷോട്ട് തന്റെ വലത്തേക്ക് ഡൈവ് ചെയ്താണ് ജപ്പാന്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടത്.

104ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ബ്രോസോവിച്ചിന്റെ ലോങ് ബോള്‍ എത്തിയത് ജപ്പാന്‍ പ്രതിരോധനിര തടഞ്ഞു. പിന്നാലെ കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ച ജപ്പാന്റെ മിടോമ ഓണ്‍ ടാര്‍ഗറ്റിലേക്ക് പന്ത് എത്തിച്ചു. എന്നാല്‍ റിഫഌക്‌സ് ഉണ്ടായിട്ടും പന്ത് സേവ് ചെയ്യാന്‍ ലിവാകോവിച്ചിന് സാധിച്ചു.

Previous Post Next Post