കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രം പോസ്റ്ററിൽ നിന്ന് ഒഴിവാക്കി: യൂത്ത് കോൺ​ഗ്രസ് നേതാവിന്കോടതിവളപ്പിൽ വച്ച് മർദ്ദനമേറ്റു


ഉമ്മൻചാണ്ടിയുടെ ചിത്രം പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത ഉമ്മൻചാണ്ടി അനുകൂലിയായ യൂത്ത് കോൺ​ഗ്രസ് നേതാവിന് മർദനം. ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മർദനമേറ്റത്. കല്ലുകൊണ്ട് പുറത്ത് ഇടിച്ചു. ഡിസിസി ഓഫിസ് സെക്രട്ടറിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചത്.ഉമ്മൻ ചാണ്ടിയുടെ ചിത്രം ബഫർസോൺ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് മനു ചോദ്യം ചെയ്തു. അതാണ് ഡിസിസി പ്രസിഡൻ്റ് അനുകൂലിയായ ലിബിൻ തന്നെ മർദ്ദിക്കാൻ കാരണമായതെന്ന് മനു പറഞ്ഞു. പരുക്കേറ്റ മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിലാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. ഇന്ന് കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് ഉമ്മൻചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു.ഇതിന് പിന്നാലെ ഇന്നലെ വൈകുന്നേരം മനു ഔദ്യോ​ഗിക വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഉമ്മൻചാണ്ടി ഒഴിവാക്കിയതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചു. തുടർന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മനുവിനെ ഫോണിൽ വിളിച്ചു ശകാരിക്കുകയും ഉമ്മൻചാണ്ടി നാട്ടിലില്ലാത്തതിനാലാണ് ചിത്രം നൽകാതിരുന്നതെന്നും പറഞ്ഞു. ഇന്ന് രാവിലെ സംഘടനാപരമായ കേസുകൾക്കായി കോട്ടയത്ത് കോടതിയിലെത്തിയതായിരുന്നു മനു. ഈ സമയം ഡിസിസി ഓഫിസ് സെക്രട്ടറി ഇവിടെയെത്തി മനുവിനെ മർദിക്കുകയായിരുന്നു. 10 മിനിറ്റിലേറെ മനുവിനെ ഓഫിസ് സെക്രട്ടറി മർദിച്ചു. കോടതിയിൽ വരേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടും ലിബിൻ കോടതിവളപ്പിലെത്തി മനുവിനെ മർദ്ദിച്ചതിന് പിന്നിൽ നാട്ടകം സുരേഷാണെന്നാണ് മനുവിനെ അനുകൂലിക്കുന്ന വിഭാ​ഗത്തിന്റെ ആരോപണം.
Previous Post Next Post