ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഇനി ഓര്‍മ്മ. 2021 മുതല്‍ അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. അര്‍ബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്നങ്ങളും താരം നേരിട്ടിരുന്നു. പെലെയുടെ മകള്‍ കെലി നാസിമെന്‍റോ പിതാവിന്‍റെ മരണം ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു. പെലെയുടെ ഏജന്‍റ് ജോ ഫ്രാഗയും ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ നേടി എന്ന റെക്കോര്‍ഡും പെലെക്ക് സ്വന്തമാണ്. 2021 സെപ്റ്റംബറിലാണ് പെലെയ്‌ക്ക് അർബുദം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. ചികിത്സകൾ തുടർന്നുവരികയായിരുന്നു. ഡിസംബര്‍ 21ന് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം കാന്‍സറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
ബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ താരമാണ് പെലെ. മൂന്ന് ലോകകിരീടങ്ങള്‍ നേടിയ ഏക താരം കൂടിയാണ് പെലെ. ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ ഫിഫ പ്ലെയര്‍ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളില്‍ ഒരാളെന്ന നേട്ടത്തിനും പെലെ അര്‍ഹനായിരുന്നു. സൗഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടെ 1,363 കളികളില്‍ നിന്ന് 1,283 ഗോളുകള്‍ നേടിയതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും പെലെ നേടി.