ഹിമാചല്‍ പ്രദേശ് മാതൃകയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഗ്രൂപ്പ് പോര്; തലപുകഞ്ഞ് ബിജെപി ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ മികച്ച വിജയം നേടിയെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ ഗ്രൂപ്പ് പോരില്‍ ആശങ്കയിലാണ് ബിജെപി ദേശീയ നേതൃത്വം. ഹിമാചല്‍ പ്രദേശ്, ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഡല്‍ഹി, കേരളം എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഉള്‍പ്പോരിലാണ് ബിജെപി നേതൃത്വം വലഞ്ഞത്. ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് നിന്നതിനെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം കൊണ്ട് മറികടക്കാന്‍ പറ്റിയില്ല. തല്‍ഫലമായി പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. ഹിമാചലിലെ പരാജയത്തിന് ബിജെപിയിലെ ഗ്രൂപ്പ് പോര് കാരണമായെന്ന് ആര്‍എസ്എസ് മാസിക ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തി.

മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധൂമലിന്റെയും മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെയും ശക്തികേന്ദ്രമായ ഹാമിര്‍പൂരില്‍ ബിജെപി ഏതാണ്ടെല്ലാ സീറ്റുകളിലും പരാജയപ്പെട്ടു. അതേ സമയം മുഖ്യമന്ത്രിയായിരുന്ന ജയ് റാം താക്കൂറിന്റെ ജില്ലയായ മണ്ഡിയില്‍ വിജയിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കിര്‍പാല്‍ പര്‍മര്‍ അടക്കം 20ലധികം വിമതരാണ് സ്വതന്ത്രരരായി മത്സര രംഗത്തുണ്ടായിരുന്നത്. ടിക്കറ്റ് വിതരണത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയെ അടക്കം കുറ്റപ്പെടുത്തിയാണ് വിമതര്‍ മത്സരിക്കാനിറങ്ങിയത്. ഹിമാചലില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഗ്രൂപ്പ് പോര് പരിഹരിക്കാന്‍ നദ്ദ രാജസ്ഥാനിലായിരുന്നു.

ഡിസംബര്‍ ഒന്നിന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിച്ച ജന്‍ ആക്രോശ് യാത്ര ഉദ്ഘാടനം ചെയ്യാനാണ് നദ്ദ ഔദ്യോഗികമായെത്തിയെങ്കിലും ഉദ്ദേശ്യം ഗ്രൂപ്പ് പോര് പരിഹരിക്കലായിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് പൂനിയയും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള തര്‍ക്കമാണ് രാജസ്ഥാനില്‍ ബിജെപിയെ ബുദ്ധിമുട്ടിക്കുന്നത്. മുഖ്യമന്ത്രി കസേര മോഹിക്കുന്ന ആറോളം മുതിര്‍ന്ന ബിജെപി നേതാക്കളാണ് സംസ്ഥാനത്തുള്ളത്.

ഗുജറാത്തിലും സംസ്ഥാന അദ്ധ്യക്ഷനെതിരെ ബിജെപിക്കുള്ളില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഗംഭീര വിജയം അതില്ലാതാക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. സിആര്‍ പാര്‍ട്ടീലിനെ തല്‍ക്കാലം അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കില്ല. 2023ല്‍ രാജസ്ഥാനും ചത്തീസ്ഗഡിനുമോടൊപ്പം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന മറ്റൊരു സംസ്ഥാനമാണ് മധ്യപ്രദേശ്. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ മൊത്തം മന്ത്രിസഭയെയും സംസ്ഥാന പാര്‍ട്ടി നേതൃത്വത്തെയും മാറ്റണമെന്ന് നദ്ദക്ക് മൈഹര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ കത്ത് നല്‍കി കഴിഞ്ഞു. ഗുജറാത്തില്‍ നടത്തിയത് പോലെ മന്ത്രിസഭയും പാര്‍ട്ടി നേതൃത്വവും മാറണമെന്നാണ് കത്തിലെ ആവശ്യം. ദേശീയ നേതൃത്വത്തിനും അത്തരമൊരു ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നേതാക്കള്‍ക്കിടയിലെ പോര് ബിജെപിയെ വിഷമിപ്പിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കും.

ത്രിപുരയില്‍ തെരഞ്ഞെടുപ്പിന് 10 മാസം മുന്‍പേ ബിപ്ലവ് ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. ഒരു കൂട്ടം ബിജെപി എംഎല്‍എമാരുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഈ മാറ്റം. പക്ഷെ അതിന് ശേഷവും ഉള്‍പ്പാര്‍ട്ടി പോര് തുടരുകയാണ്. സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുമായി തെരഞ്ഞെടുപ്പിലേക്ക് പോകുന്നതില്‍ ആശങ്കയിലാണ്. ചൊവ്വാഴ്ച, ബിജെപി സിക്കിം അദ്ധ്യക്ഷന്‍ ഡി ബി ചൗഹാന്‍ രാജിവെച്ചിരുന്നു. സംഘടന പ്രശ്‌നങ്ങള്‍ തന്നെയാണ് രാജിയുടെ കാരണം. തെക്കേ ഇന്ത്യയിലെ ശക്തികേന്ദ്രമായ കര്‍ണാടകത്തിലും ബിജെപിയെ ഭയപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അടുത്ത ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിന്റെ മുന്നേറ്റം ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയോട് മികച്ച ബന്ധം പുലര്‍ത്താന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡില്‍ കേവലമൊരു നിരീക്ഷനായി ഇരിക്കാന്‍ താന്‍ തയ്യാറല്ലെന്ന സൂചന യെദിയൂരപ്പ നല്‍കി കഴിഞ്ഞു. 'രാഷ്ട്രീയമായി തന്നെ അവസാനിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്റെ ശക്തിയും സര്‍വസ്വവും നല്‍കിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്.', നദ്ദ സംസ്ഥാനത്ത് പര്യടനം നടത്തുന്നതിനിടെ യെദിയൂരപ്പ പറഞ്ഞതിങ്ങനെയാണ്. അതിനിടെ നദ്ദയുടെ ദേശീയ അദ്ധ്യക്ഷനായുള്ള മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിച്ചു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ കാലാധി നീട്ടിക്കൊടുത്തിരിക്കുകയാണ്
Previous Post Next Post