ആലപ്പുഴ : ചേർത്തല വരാനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരം അടിച്ചു തകർത്തു.
അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വരാനാട് സ്വദേശികളായ ജോൺ,ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
പിടിയിലായവരിൽ ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവർ എസ്എൻഡിപി പ്രവർത്തകരാണ് എന്നാണ് വിവരം.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഗുരുമന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്.
ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളും യുവാക്കളും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമായതെന്നും സംഭവസമയത്ത് പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് നാല് യുവാക്കളും ചേര്‍ന്ന് ക്രിസ്മസ് കരോൾ നടത്തിയിരുന്നു.
ഇതിനു ശേഷം സമീപത്തുള്ള ഗുരുമന്ദിരത്തിലേക്ക് എത്തിയ യുവാക്കൾ തേങ്ങയേറ് ചടങ്ങിൽ പങ്കെടുക്കുകയും ഇതിനിടെ എസ്എൻഡിപി ഭാരവാഹികളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇതുവാക്കേറ്റത്തിലും കൈയ്യാങ്കളിയിലേക്കും നീങ്ങുകയും ചെയ്തു.
തുടര്‍ന്ന് ഇവിടെ നിന്നും പോയ യുവാക്കൾ അൽപ സമയത്തിന് ശേഷം തിരിച്ചെത്തി ഗുരുമന്ദിരം അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നും മറ്റു തരത്തിലുള്ള രാഷ്ട്രീയ സ്വഭാവമുള്ള അക്രമമല്ല നടന്നതെന്നും പൊലീസ് വ്യക്തമാക്കി.