കൊച്ചി: സിനിമാ നിർമാതാവ് ജയ്സൻ ജോസഫിനെ (ജയ്സൺ എളങ്കുളം, 44) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പള്ളി നഗർ സൗത്ത് യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിൽ തറയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
ജമുനാ പ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗത്വമുള്ളയാളാണ്. ആർജെ ക്രിയേഷൻസ് എന്ന ഫിലിം പ്രൊഡ്യൂസർ ഉടമയാണ്. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്താണ്.