എട്ടുമാസത്തിനിടെ രണ്ട് കൊലപാതകങ്ങൾ ! പത്തൊന്‍പതുകാരൻ പിടിയിൽ



കോഴിക്കോട് നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയെ നാലു ദിവസം കൊണ്ട് പൊലീസ് പിടികൂടി. എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകത്തിലാണ് പത്തൊന്‍പതുകാരന് പിടിവീണത്.ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസ് ഇൻസ്പെക്ടർ ബൈജു.കെ.പൗലോസ് ൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ തമിഴ് നാട്ടിൽ വെച്ച്  സാഹസികമായി പിടികൂടിയത്. പ്രതിയെ ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റ് ചെയ്തു.  തമിഴ്നാട് അയൻകുറിഞ്ചിപ്പാടി, കടലൂർ പട്ടൈ സ്ട്രീറ്റ് സ്വദേശി അർജുൻ (19) ആണ്  പിടിയിലായത്.കഴിഞ്ഞ 11ാം തിയ്യതി രാത്രിയിലാണ് പശ്ചിമ ബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനോട് ചേർന്ന് അടുക്കിവെച്ച ചെങ്കല്ലുകൾ ദേഹത്ത് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.പഴയ കൊലപാതക കേസ് നടത്തുന്നത് പണം ആവശ്യമായിവന്നപ്പോൾ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തിൽ കലാശിച്ചത്. ബാറിൽ നിന്നും പ്രതി അർജുൻ പരിചയപ്പെട്ട സാദിഖ് ഷെയ്ഖിൻ്റെ കീശയിൽ പണം കണ്ടതിനെ തുടർന്ന് പുറകെ കൂടുകയായിരുന്നു. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖിൻ്റെ കയ്യിലുണ്ടായിരുന്നു. ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അർജുൻ ഇയാളെ താഴെ തള്ളിയിടുകയായിരുന്നു. തുടർന്ന് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊന്നത്. സാദിഖിൻ്റെ പഴ്സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
Previous Post Next Post