കൊച്ചി : മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഷാരിഖിനെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. ഷാരിഖ് ആലുവയില്‍ താമസിച്ചിരുന്നതായും കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
കൊച്ചി പനമ്പിള്ളി നഗര്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് ഷാരിഖ് എത്തിയത്. കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഷാരിഖിന്റെ സന്ദര്‍ശനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. കേസില്‍ കൊച്ചി എന്‍ഐഎ യൂണിറ്റിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
സ്‌ഫോടനത്തിനു മുന്നോടിയായി കൊച്ചിയില്‍ പല തവണ തങ്ങിയ ഷാരിഖിന്റെ നീക്കങ്ങള്‍ കണ്ടെത്താന്‍ എന്‍ഐഎയുടെ സൈബര്‍ കുറ്റാന്വേഷണ വിഭാഗം നേരത്തെ കൊച്ചിയിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഷാരിഖിനു കൊച്ചിയില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
സ്‌ഫോടനത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷാരിഖ് ചികിത്സയിലാണ്. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ വൈകുന്നത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഷാരിഖിന്റ ആരോഗ്യനില വിലയിരുത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎ തീരുമാനം.