അടുത്ത ലോകകപ്പില്‍ ഇന്ത്യക്ക് കളിക്കാനാകുമെന്ന് ഫിഫ പ്രസിഡ‍ന്റ് ജിയാനി ഇന്‍ഫാന്‍റിനോ


ലോകകപ്പ് സംഘാടനത്തില്‍ ഖത്തറിന് നന്ദി പറഞ്ഞ് ഫിഫ പ്രസിഡ‍ന്റ് ജിയാനി ഇന്‍ഫാന്‍റിനോ. അടുത്ത ലോകകപ്പില്‍ ഇന്ത്യക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഫുട്ബോള്‍ വളര്‍ത്താന്‍ ഫിഫ വന്‍ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്‍റ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്‍റിനോ ഖത്തറിന്‍റെ സംഘാടന മികവിനെ പ്രശംസിച്ചത്. ‘ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തര്‍ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തര്‍ കാണിച്ചു തന്നു, ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്…’
ഇന്ത്യയില്‍ ഫുട്ബോള്‍ വളര്‍ത്താന്‍ ഫിഫ നിക്ഷേപം നടത്തുമെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു. ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയെ അഭിനന്ദിക്കാനും ഇന്‍ഫാന്‍റിനോ മറന്നില്ല.

അതേസമയം ഏറ്റവും സുരക്ഷിതമായ ലോകകപ്പാണ് ഖത്തറില്‍ നടന്നതെന്ന് ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ഖാതര്‍ അഭിപ്രായപ്പെട്ടു. ഫാമിലി ഫ്രണ്ട്ലി ലോകകപ്പാണ് ഖത്തര്‍ ഒരുക്കിയത്. ലോകകപ്പിലൂടെ അറബ് ലോകത്തെ കുറിച്ചുള്ള മുന്‍ വിധികള്‍ മാറ്റാനായെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയും അവകാശപ്പെട്ടു
Previous Post Next Post