കോട്ടയം: വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടില്‍ ബിജു (52) ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. ബിജുവിന്റെ അമ്മ സതി(80) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 23ന് മരണപ്പെടുകയായിരുന്നു.
അമ്മ വീണു പരിക്കുപറ്റിയതാണെന്നാണ് ബിജു ആശുപത്രിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയം പോലീസിന് സംശയം തോന്നുകയും, മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയയ്ക്കുകയുമായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ സതിയുടെ നെഞ്ചിലും മുഖത്തും പറ്റിയ സാരമായ പരിക്കാണ് മരണ കാരണമെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ ബിജു നവംബര്‍ ഇരുപതിന് അമ്മയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് അമ്മയുടെ നെഞ്ചിലും മുഖത്തും ചവിട്ടിയെന്ന് കണ്ടെത്തി. ബിജുവും ഇയാളുടെ സഹോദരിയും തമ്മില്‍ കുടുംബപരമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സഹോദരി അമ്മയെ ഇടയ്ക്കിടയ്ക്ക് കാണാന്‍ വരുന്നതിനെ ബിജു എതിര്‍ത്തിരുന്നു.
നവംബര്‍ 20-ാം തീയതി ഉച്ചയോടുകൂടി ഇയാളുടെ സഹോദരി തന്റെ അമ്മയെ കാണാന്‍ വന്നിരുന്നു. ഇതിലുള്ള വിരോധം മൂലം ബിജുവും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് അമ്മയെ മര്‍ദ്ദിക്കുകയും നെഞ്ചിലും, മുഖത്തും ചവിട്ടുകയുമായിരുന്നുവെന്നും ബിജു പോലീസിനോട് പറഞ്ഞു.
ചിങ്ങവനം സ്റ്റേഷന്‍ എസ്എച്ച്ഒ ജിജു ടി.ആര്‍., എസ്‌ഐ സുദീപ്, സിപിഒമാരായ സതീഷ് എസ്, സലമോന്‍, മണികണ്ഠന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.