കന്യാകുമാരി : കന്യാകുമാരിയിൽ നടു റോഡിൽ വച്ച് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കന്യാകുമാരി തക്കലൈയിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. കൊലയ്ക്ക് പിന്നാലെ ഭർത്താവ് വീട്ടിലെത്തി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തക്കലൈ അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിൻസ (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി തക്കലൈയ്ക്ക് സമീപം പരയ്ക്കോട്ടിൽ വച്ചാണ് ഭർത്താവ് എബനേസർ (35) ഇവരെ വെട്ടിക്കൊന്നത്.
കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയാണ് ജെബ പ്രിൻസ. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോയ പ്രിൻസയുടെ വസ്ത്രധാരണ രീതിയിൽ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
പ്രശ്നം ഒത്തുതീർപ്പാക്കാൻ പ്രിൻസയുടെ പിതാവ് ജെബ സിങ് ഇവരെ മൂലച്ചലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിന് ശേഷം വീട്ടിലേക്ക് പോകാനായി ഇരുവരും ഒരുമിച്ച് ഇറങ്ങിയെങ്കിലും റോഡിൽ വെച്ച് വീണ്ടും തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ എബനേസർ തന്‍റെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച അരിവാൾ കൊണ്ട് പ്രിൻസയെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
പ്രിൻസയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും എബനേസർ രക്ഷപ്പെട്ടിരുന്നു. തലയ്ക്ക് സാരമായ പരിക്കേറ്റ പ്രിൻസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തക്കല പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതിനിടെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ എബനേസർ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബനേസര്‍ ആശുപത്രി വിട്ടാലുടൻ അറസ്റ്റ് ചെയ്യുമെന്ന് തക്കല പൊലീസ് പറഞ്ഞു. ഇരുവർക്കും 13, 14 വയസുള്ള രണ്ട് കുട്ടികളുണ്ട്.