എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ച്ചയില്‍ ഒരുദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന'; സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി


കണ്ണൂര്‍: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ച്ചയില്‍ ഒരുദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ്, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ ഉള്‍പ്പെടുത്തി ചികിത്സ വികേന്ദ്രീകരിക്കും. കാന്‍സര്‍ ചെറുക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നവീകരിച്ച ഒപി സമുച്ചയത്തിന്റെയും നഴ്‌സുമാരുടേയും വിദ്യാര്‍ത്ഥികളുടേയും ഹോസ്റ്റലിന്റേയും ഡിജിറ്റല്‍ പാത്തോളിജിയുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രാരംഭദിശയില്‍ കാന്‍സര്‍ കണ്ടെത്താനുള്ള സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കാന്‍സര്‍ സെന്ററിന്റെ തുടക്കത്തിലുണ്ടായ വിവാദവും ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി ഓര്‍ത്തെടുത്തു. സ്ഥാപിച്ച് കഴിഞ്ഞപ്പോഴുണ്ടായ ചില വിവാദങ്ങള്‍ നമ്മുടെയെല്ലാം ഓര്‍മ്മയിലുണ്ടാകും. എന്നാല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനല്ലല്ലോ നമുക്ക് സമയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന് ഗുണകരമാകുന്ന പദ്ധതികള്‍ നടപ്പാക്കുകയെന്നതാണ് പ്രധാനം. അത്തരത്തില്‍ കാര്യങ്ങള്‍ നടപ്പാക്കിയത് കൊണ്ട് ഇന്ന് അനേകായിരങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Previous Post Next Post