കേരളത്തിലേക്ക് ലഹരി മരുന്നു കടത്ത്: മലയാളി ദമ്പതികൾ അടക്കം മൂന്നുപേർ ബാംഗ്ലൂരിൽ അറസ്റ്റിൽ.

പാലക്കാട്: കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. ദമ്പതികളടക്കം മൂന്ന് പേരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ബെംഗളൂരുവില്‍ വച്ച്‌ അറസ്റ്റ് ചെയ്‌തത്. പെരിന്തല്‍മണ്ണ സ്വദേശി സന്തോഷ് (28), ഇയാളുടെ ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം ഒമ്പതിന്  150 ഗ്രാം മെത്താംഫിറ്റാമിനുമായി നാല് യുവാക്കളെ പാലക്കാട് നഗരത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവര്‍ക്ക് ഉള്‍പ്പടെ ലഹരി എത്തിക്കുന്ന സംഘമാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. പിടിയിലായ യുവാക്കളെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഇവര്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച്‌ സൂചന ലഭിച്ചത്.
തുടര്‍ന്ന് ബെംഗളൂരുവില്‍ പൊലീസ് നേരിട്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ഫായിസിനെതിരെ ലഹരി കൈവശം വച്ചതിന് തൃശൂരില്‍ മുമ്പും  കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ആര്‍ സുജിത് കുമാര്‍, സബ് ഇന്‍സ്‌പെക്‌ടര്‍ നന്ദകുമാര്‍, സീനിയര്‍ സിവില്‍ പൊലീസുകാരായ പി എസ് സലീം, അബ്‌ദുള്‍ സത്താര്‍, സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്
Previous Post Next Post