പെരുമ്പാവൂര്‍: വിഷം കഴിച്ച് ചാലക്കുടി പോലീസ് സ്റ്റേഷനില്‍ ഓടിക്കയറിയ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഐമുറി മലേക്കുടി വീട്ടില്‍ ആഷ്ബിന്‍ (21) ആണ് മരിച്ചത്. ചാലക്കുടി പോലീസാണ് ആശുപത്രിയിലാക്കിയത്. കഴിഞ്ഞ നവംബര്‍ ഒന്നിന് കൈക്കുഞ്ഞുങ്ങളുമായി യുവാവ് പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തി നാടകീയ രംഗങ്ങളുണ്ടാക്കിയിരുന്നു.
ഭാര്യയുമായിഅകന്നുകഴിയുകയായിരുന്ന യുവാവ് മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു അന്ന്. വിശന്നുകരഞ്ഞ കുഞ്ഞുങ്ങളെ പോലീസുദ്യോഗസ്ഥര്‍ ഭക്ഷണം നല്‍കി പരിചരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശിശുക്ഷേമ സമിതി ഇടപെട്ട് ഒന്നും രണ്ടും വയസ്സുള്ള ആണ്‍കുഞ്ഞുങ്ങളെ പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പറവൂര്‍ സ്വദേശിയായ ഭാര്യക്ക് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ജോലിയോ വരുമാനമോ ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണിത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. യുവാവിനെ അന്ന് കൂവപ്പടി അഭയഭവനില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പുറത്തിറങ്ങി. ഐമുറിയില്‍ നിന്ന് ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു.