ലഖ്‌നൗ: മിര്‍സാപ്പൂരിലെ ടിവി മെക്കാനിക്കിന്റെ മകള്‍ സാനിയ മിര്‍സ രാജ്യത്തെ ആദ്യത്തെ മുസ്ലീം യുദ്ധവിമാന പൈലറ്റാകുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ( എന്‍ഡിഎ) യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷ വിജയിച്ച സാനിയ പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ ഡിസംബര്‍ 27 ന് പ്രവേശനം നേടും.
സാനിയയുടെ നേട്ടത്തില്‍ ഒരുപോലെ അഭിമാനിക്കുകയാണ് മാതാപിതാക്കളും ഗ്രാമവാസികളും. രാജ്യത്തെ ആദ്യത്തെ യുദ്ധവിമാന വനിതാ പൈലറ്റായ അവ്‌നി ചതുര്‍വേദിയാണ് സാനിയയുടെ റോള്‍ മോഡല്‍. അദ്യം മുതല്‍ അവ്‌നിയെ പോലയാകാന്‍ മകള്‍ ആഗ്രഹിച്ചിരുന്നതായി സാനിയയുടെ അച്ഛന്‍ ഷാഹിദ് അലി പറഞ്ഞു.
പത്താം ക്ലാസ് വരെ തന്റെ ഗ്രാമത്തിലെ ഹിന്ദി മീഡിയം സ്‌കൂളിലാണ് സാനിയ പഠിച്ചിരുന്നത്. ഹിന്ദി മീഡിയത്തില്‍ പഠിച്ച തനിക്ക് ഈ വിജയം വലിയ നേട്ടമാണെന്ന് സാനിയ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്കും സാനിയക്ക് ആയിരുന്നു. സാനിയയുടെ നേട്ടം ഞങ്ങളുടെ ഗ്രാമത്തിന് മുഴുവന്‍ അഭിമാനമായി. ഗ്രാമത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ അവള്‍ പ്രചോദനമാകുമെന്ന് അമ്മ തബ്‌സും മിര്‍സ പറഞ്ഞു.