വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കൈക്കൂലി , എംജി സര്‍വ്വകലാശാല ജീവനക്കാരിയെ പിരിച്ചുവിട്ടു

കോട്ടയം: വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത എംജി സര്‍വ്വകലാശാല ജീവനക്കാരിയെ പിരിച്ചുവിട്ടു. എംബിഎ വിഭാഗത്തിലെ അസിസ്റ്റന്റ് കോട്ടയം ആര്‍പ്പൂക്കര കാരോട്ട് കൊങ്ങവനം സി.ജെ. എല്‍സിയെയാണ് (48) കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിരിച്ചുവിട്ട് ഇന്നലെ ഉത്തരവിറങ്ങിയത്.

 കൈക്കൂലി വാങ്ങി, രണ്ട് എംബിഎ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്ത് വരുത്തിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സര്‍വ്വകലാശാലയിലെ ഇടത് സംഘടനാ പ്രവര്‍ത്തകയായിരുന്നു.
ഒക്ടോബറില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിലെ തീരുമാനമാണ് നടപ്പായത്. പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയില്‍നിന്ന് 15,000 രൂപ വാങ്ങുന്നതിനിടെയാണ് കഴിഞ്ഞ ജനുവരിയില്‍ പരീക്ഷാഭവനില്‍ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.

അസിസ്റ്റന്റ് എന്ന നിലയില്‍ എല്‍സി സി.ജെയുടെ ഭാഗത്ത് ഗുരുതര വീഴ്ചയും അധികാര ദുര്‍വിനിയോഗവും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. രണ്ട് വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ എംബിഎ മേഴ്‌സി ചാന്‍സ് പരീക്ഷയുടെ മാര്‍ക്ക് തിരുത്തിയതായി കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങിയതിലും കൗണ്ടര്‍ ഫോയിലില്‍ മാര്‍ക്ക് തിരുത്തിയതിലും എല്‍സിയുടെ പങ്ക് വ്യക്തമായി. 

അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച സിന്‍ഡിക്കേറ്റ് യോഗം എല്‍സിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി. തുടര്‍ന്ന് എല്‍സിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് വൈസ് ചാന്‍സലറുടെ ചുമതലയുള്ള പ്രോവൈസ് ചാന്‍സലര്‍ പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.


Previous Post Next Post