ബനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകൾ അഞ്ചിന്


വത്തിക്കാൻ സിറ്റി: കാലംചെയ്ത പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകൾ ജനുവരി അഞ്ച് (വ്യാഴാഴ്ച) നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജനുവരി രണ്ട് (തിങ്കളാഴ്ച) മുതൽ പൊതുദർശനത്തിന് വെക്കും.

റോമിലെ സെയ്ന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന സംസ്കാരച്ചടങ്ങിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ശനിയാഴ്ച പ്രാദേശികസമയം 9.34-നാണ് വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽവെച്ച് ബനഡിക്ട് പതിനാറാമൻ കാലംചെയ്തത്. 2005 മുതൽ 2013 വരെ മാർപാപ്പയായിരുന്ന ബനഡിക്ട് പതിനാറാമൻ 2013 ഫെബ്രുവരി 28-നാണ് സ്ഥാനംരാജിവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് തുടങ്ങിയവർ ബനഡിക്ട് പതിനാറാമന്റെ വിയോഗത്തിൽ അനുശോചിച്ചു. സമൂഹത്തിന് നൽകിയ മഹത്തായ സേവനങ്ങളുടെ പേരിൽ അദ്ദേഹം ഓർമിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു.
Previous Post Next Post