ന്യൂഡൽഹി: റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ച് ആര് ബി ഐ. 35 ബേസിസ് പോയിന്റാണ് റിപ്പോ നിരക്കില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ആകെ നിരക്ക് 6.25 ആയി ഉയര്‍ന്നതോടെ രാജ്യത്തെ പലിശ നിരക്ക് വീണ്ടും ഉയരുമെന്ന് വ്യക്തമായി.
തുടര്‍ച്ചയായ മൂന്ന് 50 ബേസിസ് പോയിന്റ് വര്‍ദ്ധനയ്ക്ക് ശേഷമാണ് 35 പോയിന്റുകള്‍ ഉയര്‍ത്തുന്നത്. പണപ്പെരുപ്പം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് പ്രധാന വായ്പാ നിരക്കായ റിപ്പോയില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്.
ആര് ബി ഐയില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും പുറത്തുള്ള മൂന്ന് അംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ആറില്‍ അഞ്ച് പേരാണ് റിപ്പോ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തെ അനുകൂലിച്ചത്. ഒരാള്‍ മാത്രം എതിര് നിലപാട് സ്വീകരിച്ചു.
ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ശതമാനത്തിലേക്ക് താഴ്ന്നതിനെത്തുടര്‍ന്നാണ് ചെറിയ നിരക്ക് വര്‍ദ്ധനയെന്നാണ് ആര് ബി ഐ വിശദീകരിക്കുന്നത്. ഇത് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.