ന്യൂഡൽഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ തീരുമാനിച്ച് നടൻ കമൽഹാസൻ. ഡിസംബർ 24 ന് യാത്രയിൽ പങ്കെടുക്കാനാണ് തീരുമാനം. നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ ഡൽഹിയിൽ അടുത്തയാഴ്ച രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അറിയിച്ചത്.യാത്രയിൽ പങ്കെടുക്കാനായി കമൽഹാസനെ രാഹുൽ ഗാന്ധി ക്ഷണിക്കുകയായിരുന്നു. ഡിസംബർ 24 ന് ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തും. എട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം യാത്ര ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്ക് നീങ്ങും. തുടർന്ന് ജമ്മു കശ്മീരിൽ എത്തുന്നതിന് മുമ്പ് അടുത്ത മാസം പഞ്ചാബിൽ പ്രവേശിക്കും.
ഭാരത് ജോഡോ യാത്രയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് പങ്കെടുത്തിരുന്നു. രാജസ്ഥാനിലെ സവായ് മധോപൂരില്നിന്ന് ബുധനാഴ്ച രാവിലെയാണ് അദ്ദേഹം യാത്രയില്‍ പങ്കെടുത്തത്. രാഹുലുമായി സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന രഘുറാം രാജന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന കാൽനട യാത്രയിൽ നടി സ്വര ഭാസ്കർ പങ്കെടുത്തിരുന്നു. ഒളിമ്പിക്സ് മെഡൽ ജേതാവും ബോക്സറും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗും മധ്യപ്രദേശിലെ യാത്രയിൽ പങ്കെടുത്തു