ഗോള്‍ഡന്‍ മെസി'- ലോകകപ്പിന്റെ താരം; എട്ട് ഗോളുകള്‍ വലയില്‍ നിറച്ച എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്



 ദോഹ: 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്റീന ലോക കിരീടത്തില്‍ മൂന്നാം വട്ടം മുത്തം ചാര്‍ത്തിയപ്പോള്‍ അതിന് അലകും പിടിയും നല്‍കി വാര്‍ത്തെടുത്ത ലയണല്‍ മെസി ഖത്തര്‍ ലോകകപ്പിന്റെ താരം. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ ബോള്‍ മെസിക്ക് സ്വന്തം. 2014ല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടപ്പെട്ടപ്പോഴും മെസി ലോകകപ്പിലെ താരമായി മാറിയിരുന്നു. ഇത്തവണ പക്ഷേ കിരീട നേട്ടത്തിന്റെ തിളക്കവും. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം രണ്ട് തവണ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്നത്. 

ആദ്യ കളിയില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി തുടങ്ങിയ അര്‍ജന്റീന ടീമിനെ മെസി ഗോളടിച്ചും ഗോളടിപ്പിച്ചും കിരീടത്തിലേക്ക് ആനയിക്കുകയായിരുന്നു. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമായാണ് താരം ലോകകപ്പിന്റെ തിളങ്ങുന്ന നക്ഷത്രമായത്. 

അവസാന വട്ടം വരെ പൊരുതാന്‍ ഫ്രാന്‍സിന് ഊര്‍ജം പകര്‍ന്ന കെയ്‌ലിയന്‍ എംബാപ്പെയ്ക്കാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളുകള്‍ വലയില്‍ നിറച്ചാണ് 23 കാരന്‍ ഭാവിയുടെ ഫുട്‌ബോള്‍ സമവാക്യങ്ങള്‍ താന്‍ നിര്‍ണയിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. 

കിരീട വരെ നീളുന്ന അര്‍ജന്റീനയുടെ യാത്രയ്ക്ക് മെസിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന നിന്ന എമിലിയാനോ മാര്‍ട്ടിനസിനാണ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ. ഫൈനലിലടക്കം നിര്‍ണായക പെനാല്‍റ്റി ഷൂട്ടൗട്ടുകളും കലാശപ്പോരിന്റെ എക്‌സ്ട്രാ ടൈമില്‍ ഗോളെന്നുറച്ച ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്കിനെയും സമര്‍ഥമായി പരാജയപ്പെടുത്തിയ എമിയുടെ മികവും അര്‍ജന്റീനയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. 

ടൂര്‍ണമെന്റിലെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിനാണ്. അര്‍ജന്റീനയുടെ കിരീട വിജയത്തില്‍ നിര്‍ണയാക സാന്നിധ്യമായി മാറാന്‍ എന്‍സോയ്ക്ക് സാധിച്ചിരുന്നു.
Previous Post Next Post