വരുന്നുണ്ട് മെസിപ്പട, ഓസ്‌ട്രേലിയയെ തകർത്ത് അർജൻറീന ക്വാർട്ടർ ഫൈനലിൽ


 

 ദോഹ : ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയൻ കുതിപ്പിന് വിരാമമിട്ട് അർജൻറീന ക്വാർട്ടറിൽ. ആദ്യപകുതിയിൽ ലയണൽ മെസിയുടെ രണ്ടാംപകുതിയിൽ ജൂലിയൻ ആൽവാരസും അർജന്റീനയ്ക്കായി ​ഗോൾ നേടിയപ്പോൾ 2-1ന് ജയം സ്വന്തമാക്കി. എട്ട് വർഷങ്ങൾക്കുശേഷം വീണ്ടും ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണ് അർജൻറീന. 

മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീന ആക്രമിച്ച് കളിക്കുകയായിരുന്നു. പന്ത് ഭൂരിഭാഗം സമയവും കൈവശം വെച്ചത് അർജന്റീനയാണ്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റിൽ മെസിയുടെ മനോഹര ഫിനിഷിം​ഗ്. ഫ്രീകിക്കിൽ നിന്ന് തുടങ്ങി വലയിൽ അവസാനിച്ചൊരു സുന്ദര ​ഗോൾ. മെസിയെടുത്ത കിക്ക് സൗട്ടർ തട്ടിയകറ്റിയെങ്കിലും പന്ത് വീണ്ടും നേടിയെടുത്ത മെസി മാക് അലിസ്റ്ററിന് പാസ് ചെയ്തു. പിന്നെ ബോൾ എത്തിയത് ഡീ പോളിലേക്ക്. അവിടേനിന്ന് വീണ്ടും മെസിയിലെത്തിയ പന്തിനെ ഞൊടിയിടയിൽ വലയിലെത്തിക്കുകയായിരുന്നു സൂപ്പർ താരം. മെസ്സിയുടെ ഒൻപതാം ലോകകപ്പ് ഗോളാണിത്. ഖത്തർ ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ താരത്തിന്റെ ആദ്യ ഗോളും.

രണ്ടാംപകുതിയുടെ 57-ാം മിനിറ്റിൽ ജൂലിയൻ ആൽവാരസിലൂടെ അർജൻറീന ലീഡ് രണ്ടാക്കി. പക്ഷെ 77-ാം മിനിറ്റിൽ ഒരു ട്വിസ്റ്റുണ്ടായി. എൻസോ ഫെർണാണ്ടസ് ഓൺഗോൾ വഴങ്ങി. ക്രെയ്ഗ് ഗുഡ്‌വിന്റെ ലോങ്‌റേഞ്ചർ എൻസോയുടെ തലയിൽ തട്ടി വലയിലെത്തി. അടുത്ത ഗോളിനായി ഇരു ടീമുകളും പൊരുതിയെങ്കിലും അർജൻറീന 2-1ന് മത്സരം സ്വന്തമാക്കി. 

പ്രൊഫഷനൽ കരിയറിൽ ലിയോണൽ മെസി ഇന്നലെ 1000 മത്സരങ്ങൾ പൂർത്തിയാക്കി. കരിയറിലെ ആയിരാമത്തെ മത്സരത്തിൽ താരം ​ഗോൾ കുറിച്ചത് ആരാധകരെ ആവേശത്തിലാക്കി. ഡിസംബർ 9ന് ക്വാർട്ടറിൽ നെതർലൻഡ്‌സാണ് അർജൻറീനയുടെ എതിരാളികൾ.
Previous Post Next Post