കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡി സി സി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കി


കോട്ടയം: കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡി സി സി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവർത്തകർ ഡി സി സി നേതൃത്വത്തെ പരാതി അറിയിച്ചു. നാളെ കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. പരിപാടി ഉദ്ഘാടനം ചെയ്യുന്ന രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയും കെ സി ജോസഫിന്‍റെയും ചിത്രങ്ങൾ പോസ്റ്ററിൽ ഉണ്ട്. ഈ മാസം ആദ്യം ശശി തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്‍തിയാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ വിവാദത്തിന്‍റെ ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്റ്റിൽ വച്ചതെന്നും ഡി സി സി നേതൃത്വം വിശദീകരിച്ചു.
Previous Post Next Post