പോലീസിലെ ഗ്രേഡ് എസ്ഐമാർക്ക് വാഹന പരിശോധനയ്ക്കു നേതൃത്വം നൽകി പിഴ ഈടാക്കാൻ നിയമപരമായ അധികാരമില്ലെന്നു വ്യക്തമാക്കി ആഭ്യന്തര വകുപ്പ്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പോലീസിലെ എസ്ഐമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് പിഴ ഈടാക്കാൻ നിയമപരമായ അധികാരമുള്ളത്.
വാഹനപരിശോധനയ്ക്കും പിഴ ഈടാക്കാനുള്ള അധികാരം ഗ്രേഡ് എസ്ഐക്കും നൽകണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ആവശ്യത്തിന്മേലാണ് ആഭ്യന്തരവകുപ്പ് നിയമപരമായ അധികാരം വ്യക്തമാക്കിയത്.
മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും അവയ്ക്ക് പിഴ ഈടാക്കുന്നതിനുമുള്ള അധികാരം ഗ്രേഡ് എസ്ഐമാർക്കുകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിനു കത്ത് നൽകിയിരുന്നു.
മോട്ടോർ വാഹന നിയമത്തിലെ 200(1) വകുപ്പ് അനുസരിച്ച് വിവിധ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനും രാജിയാക്കുന്നതിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗ്രേഡ് എസ്ഐമാർക്ക് ഈ അധികാരമില്ലെങ്കിലും പലയിടത്തും വാഹനപരിശോധനയ്ക്കായി ഗ്രേഡ് എസ്ഐമാർ നിരത്തിലിറങ്ങുകയും പലപ്പോഴും അത് വാക്കുതർക്കങ്ങൾക്ക് ഈടയാക്കുകയും ചെയ്യുന്നുണ്ട്.
നിയമപരമായി ആരെങ്കിലും പോലീസിന്റെ ഇത്തരം നടപടി കോടതിയിൽ ചോദ്യം ചെയ്താൽ അതു കൂടുതൽ ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.