പത്തനംതിട്ട കൊടുമണ്ണിൽ മൊഴി എടുക്കാൻ വിളിച്ചു വരുത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി കെട്ടിച്ചമച്ച പരാതിയെന്ന് പോലീസ്



തട്ട സ്വദേശി മനുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ആരോപണം അടിസ്ഥാന രഹിതമെന്നാണ് കൊടുമൺ പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം തട്ടയിലെ രവീന്ദ്രൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നടന്ന മോഷണ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കാൻ മനുവിനേയും അച്ഛൻ മുരളിധരനേയും കൊടുമൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.

മോഷണം നടന്ന സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള സിസിടിവിയിൽ സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മനുവും മുരളീധരനും ഉപയോഗിക്കുന്ന വാഹനം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടതോടെയാണ് പൊലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്. മുരളീധരനെ വൈകിട്ട് അഞ്ച് മണിക്കുo മനുവിനെ എട്ട് മണിക്കും പൊലീസ് ജീപ്പിലാണ് കൊണ്ട് വന്നത്. സ്റ്റേഷനിലേക്ക് കൊണ്ട് വരും വഴി ജീപ്പിൽ വെച്ച് മർദിച്ചെന്നാണ് മനുവിന്റെ പരാതി.
സ്റ്റേഷനിൽ എത്തിച്ച ശേഷം പൊലീസ് അസഭ്യം പറഞ്ഞെന്നും കുറ്റം സമ്മതിക്കാൻ ഭീഷണിപ്പെത്തിയതായും മുരളീധനും ആരോപിക്കുന്നു. എന്നാൽ, സിസിടിവി ദൃശ്യത്തിൽ വാഹനം കണ്ടത് കൊണ്ട് വിവരങ്ങൾ ചോദിച്ചറിയാൻ മാത്രമാണ് ഇരുവരെയും വിളിച്ചു വരുത്തിയതെന്നാണ് കൊടുമൺ ഇൻസ്‌പെക്ടറുടെ വിശദീകരണം. സാധാരണ രീതിയിൽ ഉള്ള നടപടി ക്രമങ്ങൾ മാത്രമാണ് നടന്നതെന്നും പൊലീസ് വിശദമാക്കുന്നു. മൊഴിയെടുത്ത ശേഷം ഇവരെ വിട്ടയച്ചു. മർദ്ദിച്ചുവെന്നതടക്കമുള്ള കാര്യങ്ങളെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നാണ് പൊലീസ് പറയുന്നത്.
Previous Post Next Post