ഷെഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ പാമ്പ് കയറി,, ചേരയെന്ന് കരുതി പുറത്തിറങ്ങുന്നത് കാത്തിരുന്നു; ബോണറ്റില്‍ നിന്നും പുറത്ത് വന്ന അതിഥി രാജവെമ്പാല


വയനാട്: വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ നിന്ന് രാജവെമ്പാലയെ കണ്ടെത്തി. കാട്ടിക്കുളം പനവല്ലി റോഡിൽ കുണ്ടത്തിൽ പുഷ്പജന്റെ വീട്ടിലെ ഷെഡിൽ നിന്നാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.പകൽ പാമ്പ് കാർ നിർത്തിയിട്ടിരിക്കുന്ന ഷെഡിലേക്ക് ഇഴഞ്ഞ് കയറുന്നത് വീട്ടുകാർ കണ്ടിരുന്നു. എന്നാൽ ചേര പാമ്പാണെന്നു കരുതി വീട്ടുകാർ കാര്യമാക്കിയില്ല. രാത്രിയായിട്ടും പാമ്പ് പുറത്ത് വരാത്തത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അവർ നടത്തിയ പരിശോധനയിലാണ് ബോണറ്റിനുളളിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോർത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകൻ സുജിത്തിനേയും വീട്ടുകാർ വിവരമറിയിച്ചു.

വീട്ടുകാർ അയച്ച ഫോട്ടേയിൽ നിന്ന് ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറിൽ കുടുങ്ങിയതെന്ന് മനസ്സിലാക്കിയ സുജിത്ത് ഉടൻ തന്നെ സ്ഥലത്തെത്തി. വനപാലകരുടേയും, നാട്ടുകാരുടേയും സഹായത്തോടെ സുജിത്ത് കാറിൽ നിന്നും പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ സുജിത്ത് പുറത്തെടുത്തത്. തുടർന്ന് പാമ്പിനെ വനമേഖലയിൽ തുറന്നു വിട്ടു
Previous Post Next Post