കോട്ടയം: ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു സംസ്കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്കി.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വില്പനയും കടത്തലും മൂന്നുദിവസത്തേക്ക് നിരോധിച്ച് ഉത്തരവായി.
രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള 19 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കോഴി/താറാവ്/മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവ അസാധാരണമായി മരണപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.
കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍ നഗരസഭകള്‍, വെച്ചൂര്‍, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂര്‍, ടി.വി. പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍, അതിരമ്പുഴ, തിരുവാര്‍പ്പ്, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് നിരീക്ഷണമേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എന്‍1 ഇനമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശാടനപക്ഷികള്‍, കടല്പക്ഷികള് എന്നിവയിലൂടെയാണ് ഇതു വ്യാപിക്കുന്നത്.
ആര്‍പ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലര്‍ കോഴി ഫാമിലും പക്ഷികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയേറ്റ മൂന്നുമുതല്‍ അഞ്ചുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യും. സാധാരണ ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം.
ആര്‍പ്പൂക്കരയിലും തലയാഴത്തും ബുധനാഴ്ച രാവിലെ 8.30 മുതല്‍ പക്ഷികളെ ദയാവധം ചെയ്തു സംസ്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് ദ്രുതകര്‍മ ടീമുകളാണ് രോഗബാധയുളള പ്രദേശത്തെ പക്ഷികളെ സംസ്കരിക്കുക.