കൊച്ചി : നാടിനെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. തമിഴ്‌നാട് സ്വദേശി പദ്മത്തെ കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കേസില്‍ ഒന്നാം പ്രതി ഷാഫിയാണ്. ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.
ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടുവളപ്പില്‍ രണ്ട് കുഴിമാടങ്ങള്‍ കൂടിയുണ്ടെന്ന് പ്രദേശവാസികള്‍. ഈ സംശയം അറിയിച്ചിട്ടും പൊലീസ് പരിശോധിച്ചില്ലെന്ന് പരാതി.
കൊല്ലപ്പെട്ട പദ്മയുടെയും റോസ്‌ലിയുടെയും മൃതദേഹങ്ങള്‍ മറവുചെയ്തിരുന്നതിന് സമാനമാണ് ഈ കുഴിമാടങ്ങൾ. ഇരട്ടക്കൊലയുടെ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍തന്നെ ഇവ പൊലീസിന് കാണിച്ചു കൊടുത്തിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
നരബലി വെളിച്ചത്തു വരുന്നതിന് മുന്‍പുതന്നെ ഈ കുഴികളുടെ ഭാഗത്തു നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നരബലി അന്വേഷണം നടക്കുമ്പോള്‍ പൊലീസ് നായ്ക്കള്‍ ഈ രണ്ടു സ്ഥലങ്ങളിലും ഏറെനേരം നിന്നിരുന്നു.